ഐ ലീഗ് ഫുട്ബോളിന് ഒരുങ്ങി കോഴിക്കോട്. ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി, നെരോക്ക എഫ്സിയെ നേരിടും. ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ഗോകുലം എഫ് സി യുടെ പരിശീലനം പുരോഗമിക്കുന്നു.

ഡ്യുറന്റ് കപ്പ് ജേതാക്കൾ എന്ന ഖ്യാതിയുമായി ഐ ലീഗിന് തയ്യാററെടുക്കുകയാണ് ഗോകുലം കേരള എഫ് സി. ടീമിന്റെ പരിശീലനം ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു. കിരീടമാണ് ഇത്തവണ ലക്ഷ്യം.

ഐ ലീഗ് ആരംഭിക്കുന്ന ശനിയാഴ്ച വൈകീട്ട് നടക്കുന്ന മത്സരത്തിൽ ഗോകുലം, നെരോക്ക എഫ് സി യെ നേരിടും. കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ഗോകുലം. ട്രിനിഡാഡ് ആന്റ് ടൊബാഗോ താരം മാർക്കസ് ജോസഫാണ് നായകൻ. അർജന്റീനയിൽ നിന്നുള്ള ഫെർണാൻഡോ സാന്റിയാഗോ വരേലയാണ് പരിശീലകൻ.

25 അംഗ ടീമിൽ 5 വിദേശ താരങ്ങളും 10 പേർ മലയാളികളുമാണ്. മണിപ്പൂരിൽ നിന്നുള്ള അഞ്ചും, തമിഴ്നാട് താരങ്ങളായ 3 പേരും ഗോവ, മിസോറാം എന്നിവിടങ്ങളിൽ നിന്നും ഓരോ താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ചെന്നൈ സിറ്റി എഫ് സി യാണ് നിലവിലെ ചാമ്പ്യന്മാർ. ഐ ലീഗ് ആരംഭിക്കുന്ന ശനിയാഴ്ച കൊൽക്കത്തയിൽ മോഹൻബഗാൻ ഐസ്വാൾ എഫ് സി മത്സരവും നടക്കും.