മനാമ: കൊറോണ വൈറസിൽ നിന്നും കൂടുതൽ പേർ മുക്തി നേടിയതോടെ ഗള്‍ഫ് രാജ്യങ്ങൾക്കിടയിൽ
ബഹ്‌റൈൻ ഒന്നാമാതായി.
ബഹ്‌റൈന്റെ പ്രതിരോധ പ്രവര്‍ത്തങ്ങളെ
നേരത്തെ തന്നേ ലോകാരോഗ്യ സംഘടനകൾ പ്രശംസിച്ചിരുന്നു. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ബഹ്‌റൈന്‍ ഭരണകൂടം നടപ്പിലാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്കിലുണ്ടായ വര്‍ദ്ധനവ്.

ബഹ്‌റൈനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആണ്. ഇതില്‍ 272 പേരാണ് സുഖം പ്രാപിച്ചത്. അതായത് 54.94 ശതമാനം പേര്‍ രോഗമുക്തി നേടി. സൗദിയില്‍ 1104ല്‍ 35 പേരും 3.17 ശതമാനം, യു.എ.ഇയില്‍ 405ല്‍ 55 പേരും 13.58 ശതമാനം, ഒമാനില്‍ 152ല്‍ 23 പേരും 15.13 ശതമാനം, കുവൈത്തില്‍ 235ല്‍ 64 പേരും 27.23 ശതമാനം, ഖത്തറില്‍ 562ല്‍ 43 പേരും 7.65 ശതമാനം, ആണ് സുഖം പ്രാപിച്ചത്. ആഗോളതലത്തില്‍ 22 ശതമാനത്തോളമാണ് ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം. 4.58 ശതമാനമാണ് മരണ നിരക്ക്.

ടാസ്‌ക് ഫോഴ്‌സും ആരോഗ്യ മന്ത്രാലയവുമാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആരോഗ്യമന്ത്രാലയം മാർച്ച്
29ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 223 പേരാണ് ബഹ്‌റൈനില്‍ ചികിത്സയിലുള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 31840 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. രാജ്യത്ത് 4 പേരാണ് മരണത്തിന് കീഴടങ്ങിയത്.