കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ അതീവ ജാഗ്രതയില്‍ കഴിയുമ്പോള്‍ രാമനവമി ഉപേക്ഷിക്കില്ലെന്ന തീരുമാനവുമായി യോഗി സര്‍ക്കാര്‍. ആരോഗ്യ വിദദ്ധരടക്കമുള്ളവര്‍ രാമനവമി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍ മാറ്റമില്ലെന്ന് യോഗി സര്‍ക്കാര്‍ അറിയിച്ചു.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെയാണ് അയോധ്യയില്‍ രാമനവമി മേള നടക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് മേളയില്‍ പങ്കെടുക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രിംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ മേളക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാമനവമി മേള ഒഴിവാക്കിയാല്‍ ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടും. ഈ വര്‍ഷം ആദ്യമായി ഭഗവാന്‍ രാമന്‍ സ്വതന്ത്രനായിരിക്കുകയാണ്. അതുകൊണ്ട് ഈ വര്‍ഷത്തെ മേള അതീവ പ്രാധാന്യമുള്ളതാണെന്ന് അയോധ്യ നിവാസിയായ മഹന്ത് പരമഹംസന്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു. വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാതെ ശ്രീരാമന്‍ നോക്കിക്കോളും. മേള ഒരു കുഴപ്പവും കൂടാതെ നടക്കാന്‍ യഞ്ജങ്ങള്‍ നടത്തുമെന്നും പരമഹംസന്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മേള ഉപേക്ഷിക്കണമെന്ന് അയോധ്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരം മേള നടക്കുമെന്നും അതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും ജില്ലാ അതോറിറ്റി അറിയിച്ചു.