ന്യൂഡല്‍ഹി: സുപ്രിംകോടതി കൊളീജിയത്തിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് അഖില്‍ ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2019 മെയിലാണ് കേന്ദ്രവും കൊളീജിയവും തമ്മില്‍ ജസ്റ്റിസ് ഖുറേഷിയെ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചില ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ത്തിയിരുന്നത്. മെയ് 10ന് കൊളീജിയം ജസ്റ്റിസ് ഖുറൈശിയുടെ പേര് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്തി ശിപാര്‍ശ ചെയ്തത്. മറ്റുപല ജഡജിമാരെ ഉയര്‍ത്താനുള്ള ശിപാര്‍ശക്ക് കേന്ദ്രം അംഗീകാരം നല്‍കിയെങ്കിലും ജസ്റ്റിസ് അഖില്‍ ഖുറേഷിയെ നിയമിക്കുന്നത് സര്‍ക്കാര്‍ നീട്ടിവയ്ക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഗുജറാത്ത് അഡ്വക്കറ്റ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പിന്നീട് സെപ്തംബര്‍ 20ന് കൊളീജിയം ശുപാര്‍ശയില്‍ തിരുത്തല്‍ വരുത്തി ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ കേന്ദ്രം കഴിഞ്ഞ രണ്ട് മാസമായി ഇതിനും അംഗീകാരം നല്‍കിയിരുന്നില്ല. രണ്ട് മാസത്തിന് ശേഷം ഗുജറാത്ത് ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതിയില്‍ കേസ് പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ വിജ്ഞാപനം. കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ വിഷയത്തില്‍ ഭരണപരമായ നടപടികള്‍ പുരോഗമിക്കുന്നുവെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നാണ് ജഡ്ജിയായി ഖുറൈശി സേവനം ആരംഭിച്ചത്. ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന സുഭാഷ് റെഢിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചതിന് പിന്നാലെ ജസ്റ്റിസ് ഖുറൈശിയെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി അദ്ദേഹത്തേക്കാള്‍ ജൂനിയറായ ജസ്റ്റിസ് എ എസ് ദവയെ ആക്ടിംഗ് ചീഫ് ജസ്റ്റിസാക്കിയത് അഡ്വക്കറ്റ് അസോസിയേഷന്‍ വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊളീജിയം അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി ഉയര്‍ത്താനുള്ള ശുപാര്‍ശ നല്‍കിയിരുന്നത്.