ന്യൂഡല്‍ഹി: ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കാന്‍ സുപ്രിംകോടതി പ്രധാനമായും ആശ്രയിച്ചത് ഒഴിഞ്ഞ ഭൂമിയിലല്ല ബാബരി പള്ളി നിര്‍മ്മിച്ചതെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. പള്ളിയ്ക്ക് താഴെ മറ്റൊരു കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് മുസ്ലിം ആരാധനായലമല്ലെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ വാദം പൂര്‍ണമായും തള്ളേണ്ടതില്ലെന്നാണ് കോടതി നിലപാട്. ചരിത്രകാരന്‍മാരും ബുദ്ധിജീവികളും ചോദ്യം ചെയ്യുന്നതാണ് ഇതു സംബന്ധിച്ച് 2003ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സമര്‍പ്പിച്ച റിപോര്‍ട്ട്. ലൈംസുര്‍ക്കിയും ചുണ്ണാമ്പും കൊണ്ടുള്ള കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളായിരുന്നുവത്രെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ ഇന്ത്യ ബാബരി മസ്ജിദിനടിയില്‍ നടത്തിയ ഖനനത്തില്‍ കണ്ടെത്തിയത്.
മറ്റൊന്ന് താലു തൂണുകളെ അടിസ്ഥാനപ്പെടുത്തിയുള്ള നിര്‍മ്മാണ് രീതിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് ക്ഷേത്ര നിര്‍മ്മാണ രീതിയാണെന്ന വസ്തുതയ്ക്ക് നിരക്കാത്ത നിഗമനത്തിലെത്തുകയായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. എന്നാല്‍ ചരിത്രകാരന്‍മാരായ റൊമീലാ ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയവര്‍ ഈ നിഗമനത്തെ ചോദ്യം ചെയ്തിരുന്നു. ലൈംസുര്‍ക്കിയും ചുണ്ണാമ്പുമുപയോഗിച്ചുള്ള നിര്‍മ്മാണ രീതി ഇന്ത്യയിലേക്ക് കൊണ്ടുവന്നത് തന്നെ മുസ്ലിംകളാണ്. തൂണുകളെ അടിസ്ഥാനപ്പെടുത്തിയുള്ള നിര്‍മ്മാണങ്ങള്‍ മുസ്ലിംഭരണകാലത്തും നിലനിന്നിരുന്നു. അതേ സമയം ക്ഷേത്രത്തിന്‍റെ അവശിഷ്ടമെന്നവകാശപ്പെടുന്ന കല്ലുകളിലെ ലിഖിതങ്ങള്‍ എന്തായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ വെളിപ്പെടുത്തിയില്ല. തെളിവുകള്‍ നിഷ്പക്ഷ ചരിത്രകാരന്‍മാര്‍ക്കും ആര്‍ക്കിയോളജിസ്റ്റുകള്‍ക്കും പഠനത്തിനായി ലഭ്യമാക്കണമെന്ന ആവശ്യം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പരിഗണിച്ചില്ല.
പള്ളിയ്ക്കടിയില്‍ കണ്ടെത്തിയ മറ്റൊന്ന് ഏതാനും മൃഗങ്ങളുടെ എല്ലുകളുടെ അവശിഷ്ടങ്ങളാണ്. ക്ഷേത്രത്തില്‍ ഇങ്ങനെ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ വരാനിടയില്ല. ഉദ്ഖനനത്തില്‍ കണ്ടെത്തിയ ചുട്ട ഇഷ്ടികയുടെ ഘടന പുരാതനക്ഷേത്രത്തിന്‍റെ പുരാവസ്തു അവശിഷ്ടമല്ലെന്നു കുരുക്ഷേത്ര യൂനിവേഴ്സിറ്റിയിലെ ഡീനും ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്ട്മെന്‍റ് അംഗവുമായ പ്രഫ. സൂരജ് ബെന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതൊരു സാധാരണ കാലിത്തൊഴുത്തോ താമസസ്ഥലമോ ആയിരിക്കാനാണ് സാധ്യതയെന്ന് അവശിഷ്ടങ്ങള്‍ തെളിയിക്കുന്നതിനായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നും അയോധ്യയിലും പരിസരത്തും കാണുന്ന ഷെഡുകള്‍ക്കു സമാനമാണിവ. ബാബരിമസ്ജിദിനു തെക്ക്, പുറം ചുവരിനു സമീപം കിടങ്ങു കുഴിച്ചപ്പോള്‍ കണ്ടെത്തിയ ചുട്ട ഇഷ്ടികകളുടെ കെട്ടിടത്തിന്‍റെ കാലവും 16ാം നൂറ്റാണ്ടില്‍ ബാബരിപ്പള്ളി പണിത കാലവും തമ്മില്‍ ഏകദേശം രണ്ടുനൂറ്റാണ്ടിന്‍റെ വിടവുണ്ടായിരുന്നു. ചൂടുഇഷ്ടികരൂപം അവസാനിക്കുന്നിടത്ത് ഇസ്ലാമിക ചിഹ്നങ്ങളുള്ള മിനുക്കുപാത്രം കണ്ടെത്തി. ബാബരിമസ്ജിദിനകത്തെ തൂണുകള്‍ കസൗടി കല്ലുകളാണെന്നാണ് വിശ്വഹിന്ദുപരിഷത്ത് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ തുടര്‍ന്ന നടത്തി പഠനത്തില്‍ ഇതെ തെറ്റാണെന്ന് കണ്ടെത്തി.
ബാബരിമസ്ജിദ് പ്രദേശത്തു രണ്ടു കിലോമീറ്റര്‍ അര്‍ധവ്യാസത്തില്‍ നിരവധി സ്ഥാനങ്ങളില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല ഉദ്ഖനനഗവേഷണപഠനങ്ങള്‍ നടത്തുകയപ്പോള്‍ ക്രി.ശേ. 13 മുതല്‍ 16 വരെയുള്ള മധ്യകാലഘട്ടവുമായി ബന്ധപ്പെട്ട ഇസ്ലാമിക ചില്ലുപാത്രങ്ങളുള്ള ആറു തട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ബാബരിമസ്ജിദ് നിലവില്‍ വരുന്നതിനുമുമ്പുള്ള കാലഘട്ടത്തില്‍ ഈ പ്രദേശത്ത് മുസ്ലിം ജനവാസം ഉണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകള്‍ ലഭിച്ചതായി ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകന്‍ ഡി.എന്‍. ഝാ ചൂണ്ടിക്കാട്ടിയിരുന്നു. സത്യസന്ധമായ അന്വേഷണത്തില്‍ ലഭ്യമാവുന്ന മുഴുവന്‍ രേഖകളും ചരിത്രാവശിഷ്ടങ്ങളും ബാബരിമസ്ജിദ് ക്ഷേത്രമായിരുന്നുവെന്ന വാദത്തെയും അവിടം രാമജډഭൂമിയാണെന്ന നിഗമനത്തെയും നിരാകരിക്കുകയാണ്.
അതേ സമയം പള്ളിയുടെ ഒരു ഭാഗത്തു വിശുദ്ധഖുര്‍ആനില്‍ നിന്നുള്ള ഏതാനും സൂക്തങ്ങളും അതിനു മുകളില്‍ പേര്‍ഷ്യന്‍ ഭാഷയിലുള്ള ചില വാക്യങ്ങളും ആലേഖനം ചെയ്യപ്പെട്ടിരുന്നു. മധ്യഭാഗത്ത് മിഹ്റാബില്‍ കലിമ രേഖപ്പെടുത്തിയിരുന്നു. പള്ളി തകര്‍ത്തതോടെ ഈ തെളിവുകള്‍ കൂടിയാണ് നഷ്ടപ്പെട്ടത്. 1883ല്‍ പള്ളിയ്ക്ക് പുറത്തുള്ള പ്ലാറ്റ്ഫോമില്‍ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പള്ളിയുടെ അകത്താണ് രാമന്‍ ജനിച്ചതെന്ന വാദം ആരും ഉന്നയിച്ചിരുന്നില്ല. തങ്ങള്‍ക്ക് ആരാധിക്കാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍ പള്ളിവളപ്പില്‍ ക്ഷേത്രം പണിയണമെന്നായിരുന്നു ഹരജിക്കാരനായ രഘുബീര്‍ ദാസിന്‍റെ വാദം. 1949ല്‍ പള്ളിയ്ക്കുള്ളില്‍ വിഗ്രഹം സ്ഥാപിച്ചതോടെയാണ് പള്ളിയുടെ അസ്തിത്വം ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത്. സീതയുടെ അടുക്കളയെ ബാബരി പള്ളിവളപ്പിനുള്ളില്‍ കോടതി സ്ഥിരപ്പെടുത്തുമ്പോള്‍ ഇതാണു സീതയുടെ അടുക്കളയെന്ന ബോര്‍ഡുമായി അയോധ്യയില്‍ നിരവധി ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.