ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി രണ്ടാംമാസവും ശമ്പളമില്ല. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്. മാസത്തെ അവസാന പ്രവൃത്തിദിനത്തിലാണ് ശമ്പളം നല്‍കാറ്. ഫണ്ടില്ലെന്ന് പറഞ്ഞാണ് വേതനം നിഷേധിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 5000 കോടി രൂപ ബിഎസ്എന്‍എല്ലിന് നല്‍കാനുണ്ട്.

എന്നാല്‍ തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിച്ച് കൂടുതല്‍ ജീവനക്കാരെ വിആര്‍എസിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കമാണ് പിന്നിലെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സംസ്ഥാനത്ത് ആഗസ്തിലെ ശമ്പളവും വൈകിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് സെപ്തംബര്‍ 17 ന് നല്‍കിയിരുന്നു. അതേസമയം കരാര്‍ ജീവനക്കാര്‍ക്ക് പത്തുമാസമായി ശമ്പളമില്ല.

ബിഎസ്എന്‍എല്‍ 14,000 കോടി നഷ്ടത്തിലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചതിനിടയിലാണ് ശമ്പളം മുടങ്ങുന്നത്. ശമ്പളം ഉടന്‍ വിതരണംചെയ്യണമെന്ന് ബിഎസ്എന്‍എല്‍ ഇയു സംസ്ഥാന സെക്രട്ടറി സി സന്തോഷ്‌കുമാര്‍ ആവശ്യപ്പെട്ടു. ബിഎസ്എന്‍എല്‍ സ്വയം വിരമിക്കല്‍ പദ്ധതിക്ക്(വിആര്‍എസ്) ഒരുമാസത്തിനകം 78,569 ജീവനക്കാരാണ് അപേക്ഷിച്ചത്.