ന്യൂഡല്‍ഹി: ദേശീയ പാത 544ലെ വടക്കാഞ്ചേരി-മണ്ണുത്തി പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിലും റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിലുമുള്ള ആശങ്ക അറിയിക്കാനും ജനങ്ങളുടെ ദുരിതങ്ങള്‍ ബോധിപ്പിക്കാനുമായി തൃശൂര്‍ എം.പി ടി.എന്‍ പ്രതാപനും ആലത്തൂര്‍ എം.പി രമ്യ ഹരിദാസും ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി.
ഈ മാസം പതിനഞ്ചിന് മുന്നോടിയായി ചെയര്‍മാനും ഉന്നത തല ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു സ്ഥിതി ഗതികള്‍ നേരിട്ട് വിലയിരുത്തണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. ജൂലൈ 12ന് കേന്ദ്ര മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദേശിച്ചത് പ്രകാരമുള്ള അറ്റകുറ്റപ്പണികള്‍, കുതിരാനില്‍ ഒരു തുരങ്കം തുറക്കുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ തീരുമാനമാകാത്തത് പ്രതിഷേധാര്‍ഹമാണ്. മന്ത്രി പാര്‍ലമെന്‍റില്‍ നല്‍കിയ ഉറപ്പ് പ്രകാരം അടുത്ത വര്‍ഷം മെയ് മാസത്തോടെ എല്ലാ പണികളും തീരണം. നിലവിലെ സ്ഥിതി തുടരുന്നെങ്കില്‍ ഇതെങ്ങനെ സാധ്യമാകുമെന്ന് എം.പിമാര്‍ ആരാഞ്ഞു. നിര്‍മ്മാണ കമ്പനി ജോലി ചെയ്യുന്നില്ലെങ്കില്‍ അവരെ മാറ്റാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. കമ്പനിയുടെ അസാډാര്‍ഗിക ബന്ധങ്ങള്‍ ജനങ്ങളെ ദ്രോഹിക്കുന്നതിനു കാരണമാകുന്നത് എങ്ങനെ നീതീകരിക്കാനാകുമെന്നും എം പി മാര്‍ ചോദ്യമുയര്‍ത്തി.
ഈ മാസം പതിനഞ്ചിനു മുന്‍പായി സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മേല്‍ പറഞ്ഞ കാര്യങ്ങളില്‍ പ്രായോഗികമായ ഒരു ഉറപ്പ് രേഖാമൂലം നല്‍കണമെന്നും അല്ലാത്ത പക്ഷം ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് സമരവുമായി മുന്നോട്ട് പോകുമെന്നും എം.പിമാര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍, പുതുതായി സ്ഥാനമേറ്റെടുത്ത ചെയര്‍മാന്‍ എന്ന നിലക്ക് ഈ വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും സ്ഥലം ഉടന്‍ സന്ദര്‍ശിക്കുമെന്നും ചെയര്‍മാന്‍ ഉറപ്പ് നല്‍കി. അറ്റകുറ്റപ്പണികള്‍ താമസിക്കില്ല, തുരങ്കങ്ങളിലൊന്ന് ഉടന്‍ തുറക്കുമെന്നും ചെയര്‍മാന്‍ പിമാര്‍ക്ക് ഉറപ്പ് നല്‍കി. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും വിളിച്ചുചേര്‍ക്കുമെന്നും അതിനാല്‍ പതിനഞ്ചിന് നടക്കേണ്ടിയിരുന്ന സമരത്തെ പറ്റി പുനരാലോചിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. ചെയര്‍മാന്‍റെ ഉറപ്പിന് പുറത്ത് സമരം മാറ്റിവെക്കുന്നതായി എം പി മാര്‍ പിന്നീട് അറിയിച്ചു.
അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടെ തകര്‍ത്ത റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് തുരങ്കങ്ങളിലൊന്ന് സഞ്ചാര യോഗ്യമാക്കുന്നതിലും ദേശീയ പാത അതോറിറ്റി അലംഭാവം കാണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 30ന് രണ്ട് എം പിമാരുടെയും നേതൃത്വത്തില്‍ കുതിരാനില്‍ ഏകദിന ഉപവാസം നടന്നിരുന്നു. ഈ സമര പരിപാടികളുടെ തുടര്‍ച്ചയെന്നോണം വരുന്ന 15ന് ദേശീയ പാത അതോറിറ്റിയുടെ ആസ്ഥാനത്ത് കുത്തിയിരുപ്പ് സമരം നടത്താനും തീരുമാനിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് പുതുതായി സ്ഥാനമേറ്റ ചെയര്‍മാനെ സ്ഥിതിഗതികള്‍ ബോധിപ്പിക്കാനായി എം പിമാര്‍ കൂടിക്കാഴ്ച്ച നടത്തിയത്. എറണാകുളം എം പി ഹൈബി ഈഡനും ചര്‍ച്ചയില്‍ സംബന്ധിച്ചു.

ദേശീയ പാത 544ലെ വടക്കാഞ്ചേരി-മണ്ണുത്തി പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിലും റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിലുമുള്ള ആശങ്ക അറിയിച്ച് തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍, ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്, എറണാകുളം എം പി ഹൈബി ഈഡന്‍ എന്നിവര്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ സുഖ്ബീര്‍ സിങ് സന്ധുവിന് നിവേദനം നല്‍കുന്നു