സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് -19 സാമൂഹിക വ്യാപനം തടയാതിരിക്കാനുള്ള ക്വാറന്റൈന്‍ ജാഗ്രത ഗള്‍ഫില്‍ നിന്ന് എത്തിയവരില്‍ അതീവ ശ്രദ്ധയോടെ നടപ്പാക്കുമ്പോള്‍, സംസ്ഥാനാന്തര യാത്രകള്‍ നടത്തിയവരും വിദേശങ്ങളില്‍ നിന്നെത്തിയവരെ വാഹനങ്ങളില്‍ കൊണ്ടുവന്ന ഡ്രൈവര്‍മാരും എല്ലാം ഹോം ക്വാറന്റൈന്‍ കൃത്യമായി പാലിക്കാത്തത് ഉള്‍നാടുകളില്‍ കടുത്ത ആശങ്ക പരത്തുന്നു.
ഇത്തരം കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ ആരോഗ്യ വകുപ്പ് അധികൃതരെ വിളിക്കുമ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ മുതല്‍ മിക്ക ഫോണ്‍ നമ്പറുകളും സ്വിച്ച് ‍ഓഫാണ്. തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് ഇത്തരക്കാരെ പറഞ്ഞ് വീട്ടിലിരുത്താന്‍ കഴിയുന്നില്ല.
ജീവിത ശൈലീ രോഗങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന, പകര്‍ച്ച രോഗങ്ങളല്ലാത്ത ദീര്‍ഘകാല രോഗങ്ങളുള്ളവരില്‍ കോവിഡ്-19 മരണ നിരക്ക് കൂടുതലാണെന്ന വിദഗ്ധാഭിപ്രായം പുറത്തുവന്നതോടെ ഇത്തരം രോഗങ്ങള്‍ക്കു വര്‍ഷങ്ങളായി മരുന്നു കഴിക്കുന്നവര്‍ ഏറെയും രോഗവ്യാപനം കരുതി വീട്ടില്‍ കഴിയുകയാണ്. പ്രായാധിക്യമുള്ളവരിലും മരണനിരക്ക് കൂടുതലാണ് എന്നതിനാല്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ജാഗ്രയോടെ വീട്ടിലിരിക്കാന്‍ തയ്യാറാവുന്നുണ്ട്. ഇത്തരക്കാരെ പുറത്തുവിടാതിരിക്കാന്‍ വീട്ടുകാര്‍ ശ്രദ്ധ പുലര്‍ത്തുന്നു.
അച്യുതമനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സിന്റെ പഠനം അനുസരിച്ച് കേരളത്തില്‍ 20 ശതമാനം പേരെങ്കിലും പ്രമേഹ രോഗികളാണ്. പകര്‍ച്ചേതര രോഗങ്ങള്‍ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. വിവിധ രോഗങ്ങള്‍ക്കു മരുന്നുകഴിക്കുന്നവരിലും രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. ഇത്തരക്കാരെ പകര്‍ച്ചവ്യാധികള്‍ ബാധിക്കുമ്പോള്‍ പകര്‍ച്ചവ്യാധിയും പകര്‍ച്ചേതര വ്യാധികളും ഒരുപോലെ രൂക്ഷമാകുന്ന വിഷമ ഘട്ടത്തിലേക്ക് കേരളം നയിക്കപ്പെട്ടേക്കാമെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ. ബി. ഇക്ഖാല്‍ ചൂണ്ടിക്കാട്ടുന്നു.
പകര്‍ച്ചേതര രോഗങ്ങള്‍ ബാധിച്ച പ്രായാധിക്യമുള്ളവരില്‍ ചെറിയൊരു വിഭാഗത്തിനു പോലും കൊറോണ ബാധിച്ചാല്‍ ലക്ഷണക്കണക്കിന് ആളുകള്‍ക്ക് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികില്‍സ നല്‍കേണ്ടിവരും. ഇത്തരമൊരു സാഹചര്യം താങ്ങാനുള്ള ശേഷി കേരളത്തിനില്ലെന്നാണ് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നത്.
കേരളത്തില്‍ 15 ശതമാനത്തോളം പേര്‍ 60 വയസ്സിനു മുകളില്‍ ഉള്ളവരാണ്. 3.41 കോടി ജനസംഖ്യയില്‍ 51ലക്ഷത്തോളം പേര്‍ മുതിര്‍ന്ന പൗരന്മാരാണ്. ഇവരില്‍ അഞ്ചു ശതമാനത്തിനെങ്കിലും കൊറോണ ബാധിച്ചാല്‍ 2.5 ലക്ഷം പേര്‍ക്ക് വെന്റിലേറ്റര്‍ ചികില്‍സ വേണ്ടി വരും. കേരളത്തിലെ സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആകെ ഐ സി യു ബെഡ്ഡുകള്‍ 5,000ത്തില്‍ താഴെ മാത്രമാണ്. 1,700 വെന്റിലേറ്ററുകള്‍ മാത്രമാണ് ഇവിടങ്ങളിലുള്ളത്.
ശ്വാസ കോശ രോഗങ്ങള്‍, പ്രമേഹം, രക്താതിമാര്‍ദ്ദം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍, ഇവരില്‍ പ്രായാധിക്യമുള്ളവര്‍ പ്രത്യേകിച്ച് കൂടുതല്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തേണ്ട കാലത്ത് ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ വരുത്തുന്ന ചെറിയ വീഴ്ചകള്‍ പോലും ഗുരുതരമായ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വന്നവരും അവരുടെ കുടുംബങ്ങളും പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്.ഇവര്‍ക്ക് ആവശ്യ വസ്തുക്കള്‍ എത്തിച്ചു കൊടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരാണ് സഹായിക്കുന്നത്. തദ്ദേശ ഭരണ പ്രതിനിധികള്‍ വീട്ടു പരിസരത്തെത്തി ഇവരോട് ആശയ വിനിമയം നടത്തുന്നുണ്ട്.
കൊറോണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വീടുകളില്‍ അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ രംഗത്തുണ്ട്. സൗജന്യറേഷന്‍ കിട്ടുന്നതിനു മുമ്പുള്ള അടിയന്തര ആശ്വാസം എന്ന നിലക്കാണ് അരിയും പലവ്യജ്‍‍‍ഞനങ്ങളും എത്തിക്കുന്നത്. കൊറോണ അടച്ചു പൂട്ടല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ പലര്‍ക്കും പണിയില്ലാതായതോടെ ഭക്ഷ്യ ധാന്യങ്ങള്‍ പോലും ഇല്ലാതായ വീടുകളും ധാരാളമുണ്ട്. ഇവര്‍ക്ക് ഇത്തരം കിറ്റുകള്‍ ഏറെ ആശ്വാസം പകരുകയാണ്.