മനാമ: രാജ്യത്ത് കോവിഡ്-19 വ്യാപനം പ്രതിസന്ധിയിലാക്കിയ കച്ചവടക്കാര്‍ക്ക് കൈത്താങ്ങായി ബഹ്റൈൻ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷാഫി പറക്കട്ടയുടെ ഉടമസ്ഥതയിലുള്ള കമ്പനി. പ്രതിസന്ധിയിലായിരിക്കുന്ന കച്ചവടക്കാര്‍ക്ക് രണ്ട് മാസത്തേക്ക് പകുതി വാടക ഇളവ് പ്രഖ്യാപിക്കുന്നതായി കമ്പനി അറിയിച്ചു. കോവിഡ്-19 വ്യാപനം മൂലം ജോലി നഷ്ടപ്പെടുകയോ താൽകാലികമായി അടച്ചു പൂട്ടലില്‍പ്പെടുകയോ ചെയ്യപ്പെട്ട താമസക്കാര്‍ക്ക് ഇളവ് അനുവദിക്കാനും തിരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമായാല്‍ കമ്പനി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി അവശ്യസാധനങ്ങളുടെ വ്യാപാരമല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം. മാർച്ച് 26 ന് വൈകിട്ട് ഏഴ് മുതൽ ഏപ്രിൽ ഒമ്പത് വൈകിട്ട് ഏഴ് വരെയാണ് സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്നത്.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാര്‍ സാമ്പത്തികമായി പ്രതിസന്ധിയാലാവുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ചെറിയ ആശ്വാസം എന്ന രീതിയിലാണ് തന്റെ കമ്പനി ഏറ്റെടുത്തിട്ടുള്ള കെട്ടിടങ്ങളുടെ വാടകയില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്. പ്രതിസന്ധിയിലാവുന്നവരെ കൂടുതല്‍ സഹായിക്കാന്‍ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും ഷാഫി പറക്കട്ട വ്യക്തമാക്കി.