മനാമ: രാജ്യത്ത് മുനിസിപ്പല്‍ കെട്ടിടങ്ങളിലെ വ്യാപാരികൾക്ക് മൂന്ന് മാസത്തേക്ക് വാടക അടക്കേണ്ടതില്ല. പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ വകുപ്പ് മന്ത്രി ഇസ്സാം ബിൻ അബ്ദുല്ലാഹ് ഖലഫ് അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം പ്രതിസന്ധിയിലായ വ്യാപാരികള്‍ക്ക് പുതിയ നീക്കം സഹകരമാവും. സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലെ മുനിസിപ്പല്‍ കെട്ടിടങ്ങളിലെ വ്യാപാരികള്‍, മുനിസിപ്പാലിറ്റികളുടെ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകളിലെ വാടകക്കാര്‍ എന്നിവര്‍ക്ക് വാടക ആനുകൂല്യം ലഭിക്കും.

ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ പ്രയോജനം ചെയ്യും. നാളെ ഏപ്രിൽ 9 മുതൽ ബഹ്‌റൈനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. കോവിഡ് പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ ഇതിനോടകം നിരവധി പദ്ധതികള്‍ ബഹ്‌റൈന്‍ ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ ബഹ്‌റൈനിലുള്ളവരെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നടപടിയെന്ന് മന്ത്രി ഇസ്സാം ബിൻ അബ്ദുല്ലാഹ് ഖലഫ്
വ്യക്തമാക്കിയിട്ടുണ്ട്.