ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്കം പരിഹരിക്കുന്നതിന് ഒത്തു തീര്‍പ്പ് ഫോര്‍മുലയുമായി ജംഇയ്യത്ത് ഉലമായെ ഹിന്ദ്. തര്‍ക്ക ഭൂമിയുടെ ഭാഗമായ രാംഛാബൂത്ര, രാംബന്ധാര, സിതാ കി രസോയ് എന്നിവ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കാമെന്നും പകരം പള്ളിയുടെ മൂന്നു മിനാരങ്ങള്‍, അകത്തെ കോര്‍ട്ടിയാഡ് എന്നിവ നിന്നിരുന്ന സ്ഥലത്തിലുള്ള അവകാശ വാദം ഹിന്ദുക്കള്‍ ഉപേക്ഷിക്കണം എന്ന ഫോര്‍മുലയാണ് ജംഇയ്യത്ത് ഉലമായെ ഹിന്ദ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായി ജംഇയ്യത്ത് ഉലമായെ ഹിന്ദ് അധ്യക്ഷന്‍ അര്‍ഷദ് മദനി ചര്‍ച്ച നടത്തി.
1885ല്‍ ഈ ഭാഗത്തിന്‍റെ ഉടമസ്ഥതയ്ക്ക് വേണ്ടി നിര്‍മോഹി അഖാറ കേസ് നടത്തുകയും പരാജയപ്പെടുകയും ചെയ്തതാണ്. അതിനെതിരായ അപ്പീലിലിലും മുസ്ലിംകള്‍ക്ക് അനുകൂലമായിരുന്നു വിധി. ഒത്തു തീര്‍പ്പിന്‍റെ ഭാഗമായി ഈ ഭാഗം വിട്ടു നല്‍കാം. നമസ്കാരം നടന്നിരുന്ന ഭാഗം വിട്ടു തരാന്‍ കഴിയില്ല. ഈ ഫോര്‍മുലയില്‍ ഹിന്ദു വിഭാഗത്തിന് അനുകൂല നിലപാടില്ലെങ്കില്‍ സുപ്രിംകോടതി വിധിയ്ക്കായി കാത്തിരിക്കാമെന്നാണ് ജംഇയ്യത്ത് ഉലമായെ ഹിന്ദ് നിലപാട്.