ന്യൂഡല്‍ഹി: കേരളത്തില്‍ രണ്ടു യുവാക്കള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയത് ശരിയായില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വം. യു.എ.പി.എ പോലുള്ള നിയമങ്ങള്‍ക്ക് പാര്‍ട്ടി എക്കാലത്തും എതിരാണെന്നും സി.പി.എം കേന്ദ്രക്കമ്മറ്റി വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. പോലീസിന്‍റെ നടപടികളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. പാര്‍ട്ടി എതിര്‍ത്ത് പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ പറയുന്നത് കൊണ്ട് സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ ആകില്ല. ഭരണഘടനയുടെയും കേന്ദ്ര നിയമങ്ങളുടെയും ചട്ടക്കൂടില്‍ നിന്ന് മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും കേന്ദ്രക്കമ്മറ്റി വിലയിരുത്തി.
ആര്‍ക്കെതിരേയും യു.എ.പി.എ ചുമത്തരുതെന്നാണ് സിപിഎം നിലപാടെന്ന് പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തില്‍ നീതിപൂര്‍വ്വമായ നിലപാടാണ് സ്വീകരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും രണ്ടാണ്. സംസ്ഥാന സര്‍ക്കാരിന് നിയമ പരമായി അധികാരം വരുന്ന ഘട്ടത്തില്‍ ഉചിതമായ തീരുമാനം എടുക്കും. നിയമലംഘനം സര്‍ക്കാരിനെ കൊണ്ട് നടത്തിക്കാനാണ് ചിലരുടെ ശ്രമം, അത് നടക്കില്ല. സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഈ മാസം 16,17 തിയ്യതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന പോളിറ്റ് ബ്യുറോ യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.