റിയാദ്: കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധിയെ മ​റി​ക​ട​ക്കാ​ൻ സൗദി അറേബ്യയില്‍ ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് തൊഴിലാളി ലെവിയില്‍ ഇളവ് നൽകാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. ഒമ്പതില്‍ കുറവ് ജീവനക്കാരുള്ള, സൗദി സ്ഥാപന ഉടമ കൂടി ജീവനക്കാരനായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം.

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ ‘ഗോസി’ രജിസ്​റ്റർ ചെയ്ത സ്വദേശി സ്ഥാപന ഉടമസ്ഥനടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് ലെവി ഇളവ് ലഭിക്കുക. സ്ഥാപനത്തിലെ രണ്ട് വിദേശി ജീവനക്കാരുടെ ലെവിയില്‍ മൂന്ന് വര്‍ഷത്തേക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താം.

സ്ഥാപന ഉടമയും മറ്റൊരു സ്വദേശി ജീവനക്കാരനും കമ്പനിയിലുണ്ടെങ്കില്‍ നാല്​ വിദേശി ജീവനക്കാർക്ക് ലെവി ഇളവ് ലഭിക്കും. സല്‍മാന്‍ രാജാവിന്റെ
അധ്യക്ഷതയിൽ ഓൺലൈനിൽ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കോവിഡ് പ്രതിസന്ധി നേരിട്ട് ബാധിച്ച പ്രധാന മേഖല എന്നുള്ള നിലക്ക് ലെവി ഇളവിന് അനുമതി നല്‍കിയത്.