
സ്വന്തം ലേഖകൻ
കോഴിക്കോട്: മരണപ്പെടുന്നവര്‍ക്ക് അര്‍ഹമായ അന്ത്യയാത്ര നല്കാന് കഴിയാതെ ബന്ധുക്കള്‍. കൊറോണാ ഭീതിയില്‍ സമ്പൂര്‍ണ അടച്ചിടലിനു വിധേയമായതോടെയാണ് മരണ വീടുകളില്‍ ആള്‍പ്പെരുമാറ്റം ഇല്ലാതായത്. മരണ വീടുകളിലും പരിസരങ്ങളിലും തങ്ങി നിന്നിരുന്ന ആള്‍ക്കൂട്ടം ഇന്നു കാണാനേ ഇല്ല.
പ്രായാധിക്യത്താലും ഇതര രോഗങ്ങളായും മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു വെക്കാന്പോലും തയ്യാറാവാതെ മറവു ചെയ്യുകയാണ്. ഏറ്റവും അടുത്ത ബന്ധുക്കളും അയല്‍ക്കാരും മാത്രമാണ് മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കുന്നത്. മരണ വാര്‍ത്ത അറിയിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ എത്തേണ്ട എന്നും പറയുന്നു. 60 വയസ്സുകഴിഞ്ഞവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം വന്നതോടെ മരണവീടുകളില്‍ സാധാരണയായി എത്തിച്ചേരുന്ന വലിയൊരു വിഭാഗം പുറത്തിറങ്ങുന്നില്ല. ആശുപത്രികളില്‍ മരിക്കുന്നവരുടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് ഇറക്കാതെ വീടിനു സമീപത്തു വച്ചു ബന്ധുക്കള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ അവസരമൊരുക്കുകയാണു ചെയ്യുന്നത്. സംബന്ധിക്കുന്നവര്‍ തന്നെ മാസ്കുു ധരിച്ചാണ് എത്തുന്നത്. ചിത ഒരുക്കുന്നവരും കുുഴിവെട്ടുന്നവരുമെല്ലാം മാസ്ക് ധരിച്ചെത്തുന്നു. മതപരമായ ചടങ്ങുകള്‍ ഏറ്റവും ചുരുക്കം ആള്ക്കാര് പങ്കെടുത്തുകൊണ്ടാണു നടക്കുന്നത്. 7-11 ദിവസം വരെ നീണ്ടു നില്ക്കുന്ന ഹൈന്ദവരുടെ മരണാനന്ദര ചടങ്ങുകള്‍ പരമാവധി മൂന്നു ദിവസത്തില്‍ ഒതുങ്ങുന്നു. ഈ ദിവസങ്ങളിലും സന്ദര്‍ശകര്‍ പരിമിതമാണ്.
മരണവീടുകളില്‍ ഇപ്പോള്‍ ഏറ്റവും ആദ്യം ഒരുക്കുന്നത് കൈകഴുകാനുള്ള സംവിധാനങ്ങളാണ്. മരണ വാര്‍ത്ത അറിഞ്ഞ ഉടനെ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ആള്‍ക്കാരെ കുറക്കുന്നതിനെ കുറിച്ചും ഏര്‍പ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വ്യക്തമായി നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
കോഴിക്കോട്ട് ഏറ്റവുംകൂടുതല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന മാവൂര്‍ റോഡ് ശ്മശാനത്തില്‍ സാധാരണയായി ഒരു മൃതദേഹത്തിന്റെ കൂടെ ചുരുങ്ങിയത് അറുപത് പേരെങ്കിലും എത്താറുണ്ട്. ആംബുലന്‍സ് കൂടാതെ മൂന്നും നാലും വാഹനങ്ങളിലാണ് ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളും എത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ ആംബുലന്‍സില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് എത്തുന്നതെന്ന് ശ്മശാനത്തില്‍ ജോലി ചെയ്യുന്ന ബാബു പറയുന്നു. ശ്മശാനത്തില്‍ ആരോഗ്യ വകുപ്പോ പോലീസോ പ്രത്യേക നിയന്ത്രണമൊന്നും ഏര്പ്പുടുത്തുന്നില്ലെങ്കിലും മരിച്ചവരുടെ ബന്ധുക്കള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
13 തറകളിലാണ് ഇവിടെ ചിത ഒരുക്കുന്നത്. വൈദ്യുത ശ്മശാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഒരേ സമയം ആറു മൃതദേഹങ്ങള്‍ വരെ ഇവിടെ ദഹിപ്പിക്കുും. രാത്രി പത്തുമണിവരെ മൃതദേഹം സ്വീകരിക്കാറുണ്ടായിരുന്നുവെങ്കിലും കൊറോണാ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ആറുമണിവരെയെ സ്വീകരിക്കുന്നുള്ളൂ. കോഴിക്കോട് കോര്പറേഷന് പരിധിക്കു പുറത്തുള്ള താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളില്‍ നിന്നെല്ലാം ധാരാളം മൃതദേഹം ഇവിടെ കൊണ്ടു വരുന്നു.
ബാബുവും നാലുപേരുമാണ് ഇവിടെ മൃതദേഹം ദഹിപ്പിക്കുന്നത്. ശ്മശാനം കോര്പറേഷന്റെതാണെങ്കിലും ഇവരൊന്നും കോര്പറേഷന് ജീവനക്കാരല്ല. അതിനാല്‍ തന്നെ ഇവരുടെ സുരക്ഷാ കാര്യത്തില്‍ കോര്പറേന് ആരോഗ്യ വകുപ്പ് ഒരു ജാഗ്രതയും പുലര്‍ത്തുന്നില്ല. ഇവര്‍ക്ക് മാസ്കോ കൈയ്യുറയോ നല്കാന് പോലും അധികൃതര്‍ തയ്യാറായിട്ടില്ല.
പകര്‍ച്ച വ്യാധി ഏതെങ്കിലും പിടിപെട്ടു മരിച്ചതാണെങ്കില്‍ പോലും ഇവര്‍ മൃതദേഹം മറവു ചെയ്യാന്‍ ബാധ്യസ്ഥരാണ്. ഏതെങ്കിലും ആശങ്കയാല്‍ മൃതദേഹം മറവുചെയ്യുന്നതില്‍ നിന്നു പിന്മാറിയാല് ഇവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാവും. നിപാ കാലത്ത് ഒരു മൃതദേഹം മറവുചെയ്യാന്‍ തയ്യാറാകാതിരുന്നതിന്റെ പേരില്‍ ബാബുവിന്റെ പേരില്‍ കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ നല്കിയ കേസ് കോഴിക്കോട് നാലാംകോടതിയില് വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.
56 വയസ്സുള്ള ബാബു പാരമ്പര്യമായി ഈ തൊഴിലില്‍ എത്തപ്പെട്ടതാണ്. ബാബുവിന്റെ പിതാവിന്റെ കൂടെ പഴയ ചാളത്തറ ശ്മശാനത്തില്‍ 11 ാം വയസ്സില്‍ സഹായിആയിഎത്തിയ ബാബു 56 ാം വയസ്സിലും ഈ തൊഴില്‍ തുടരുകയാണ് . ഒരു മൃതദേഹം ദഹിപ്പിക്കാന്‍ ചില ഏജന്‍സികള്‍ 6000 രൂപവരെ വാങ്ങുമ്പോള്‍ 2000 രൂപയാണ് ഇവിടെ വാങ്ങുന്നത്. കൊറോണ പോലുള്ള
പകര്‍ച്ച രോഗത്തിന്റെ ഭീതിയുണ്ടായിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ ശ്മശാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഒരു സുരക്ഷാ നടപടികളും സ്വീകരിക്കാത്തത് അത്ഭുതപ്പെടുത്തുകയാണെന്ന് ബാബു പറയുന്നു.