സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസികളോട് മോശമായ രീതിയിൽ പെരുമാറുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊറോണ ലോകത്ത് മുഴുവന്‍ പടര്‍ന്നുപിടിച്ചതാണ്. അതിന് പ്രവാസികളെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അവരുടെ വിയര്‍പ്പിന്റെ കാശിലാണ് കേരളത്തിലുള്ളവര്‍ കഞ്ഞികുടിച്ച് നടന്നിരുന്നതെന്നും അത് മറന്നു പോകരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

എല്ലാ ലോകരാജ്യങ്ങളിലും നമ്മുടെ സഹോദരങ്ങൾ ഉണ്ട്. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിചുണ്ടാക്കിയ കാശിലാണ് നാം സന്തോഷമായി ജീവിക്കുന്നത് അവർ നമ്മുടെ നാടിന്റെ നട്ടെല്ലാണ്
വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

അവര്‍ നിലവിൽ ഉള്ള നാടുകളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവര്‍ സ്വാഭാവികമായും നാട്ടിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കാം. തിരിച്ചുവന്നവര്‍ ന്യായമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഇക്കാരണത്താല്‍ നമ്മുടെ നാട്ടിലെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരു തരത്തിലും അപഹസി ക്കാനോ, വെറുപ്പോടെ കാണാനോ പാടില്ല. ഇത് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെ കുറിച്ച് ആശങ്കയുണ്ടാകും. അത്തരത്തില്‍ ആര്‍ക്കും ഉത്കണ്ഠ വേണ്ട. നിങ്ങള്‍ അവിടെ സുരക്ഷിതമായി കഴിയുക, നിങ്ങൾ നിലവിൽ
ഉളള രാജ്യങ്ങളിലെ സർക്കാരുകൾ പറയുന്ന കാര്യങ്ങൾ കൃത്യമായി അനുസരിക്കുക, സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുക.

നിങ്ങളുടെ കുടുംബം സുരക്ഷിതമായിരിക്കും. ഈ നാട് എന്നും നിങ്ങളോടൊപ്പമുണ്ടെന്ന് പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.