വിധി കൂടുതല്‍ കാര്യങ്ങളിലെ തീര്‍പ്പിന് ശേഷം

-പുനര്‍പരിശോധനാ ഹരജി പരിഗണിക്കുന്നത് മതവിശ്വാസവുമായി ബന്ധപ്പെട്ട കേസുകളിലെ ഏഴു സുപ്രധാന വിഷയങ്ങള്‍ വിശാലബെഞ്ച് തീര്‍പ്പാക്കിയ ശേഷം

  • ശബരിമല പുനര്‍പരിശോധനാ ഹരജികള്‍ തള്ളി ചന്ദ്രചൂഡിന്‍റെയും നരിമാന്‍റെയും ന്യൂനപക്ഷ വിധി
  • എ.എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ചീഫ് ജസ്റ്റിസിന്‍റെ വിധിയെ പിന്തുണച്ചു
  • മതകാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടെയെന്ന് പരിശോധിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുനര്‍പരിശോധനാ ഹരജിയില്‍ സുപ്രിംകോടതി വിധി പറഞ്ഞില്ല. മതവിശ്വാസവുമായി ബന്ധപ്പെട്ട സമാനമായ കേസുകളിലെ ഏഴു സുപ്രധാന വിഷയങ്ങളില്‍ വിശാല ബെഞ്ച് തീര്‍പ്പാക്കുന്നത് വരെ ഇതുമായി ബന്ധപ്പെട്ട പുനര്‍പരിശോധനാ ഹരജികളും റിട്ട് ഹരജികളും മാറ്റിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഈ കേസുകള്‍ ചുരുങ്ങിയത് ഏഴംഗങ്ങളെങ്കിലുമുള്ള വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കണം. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ എ.എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ ചീഫ് ജസ്റ്റിസിന്‍റെ വിധിന്യായത്തെ പിന്തുണച്ചപ്പോള്‍ മറ്റു രണ്ടംഗങ്ങളായ രോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ പുനര്‍പരിശോധനാ ഹരജി തള്ളി 68 പേജുള്ള വിയോജിച്ചുള്ള വിധി പുറപ്പെടുവിച്ചു.
മതകാര്യങ്ങളിലും ആചാരങ്ങളിലും ഭരണഘടനുസൃതമായി മാറ്റം വരുത്താന്‍ കോടതിക്ക് അധികാരമുണ്ടോ ഇല്ലയോ എന്നാ കാര്യമായിരിക്കും കോടതി പ്രധാനമായും പരിഗണിക്കുക. മതത്തില്‍ അനിവാര്യമായത്, അല്ലാത്തത് എന്നിവരെ വേര്‍തിരിച്ചു നിര്‍വ്വചിച്ചായിരിക്കും അത്. ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഒന്‍പത് പേജുള്ള വിധിയില്‍ ശബരിമല വിധിയെക്കുറിച്ചുള്ള പരാമര്‍ശമില്ല. ശിരൂര്‍ മഠക്കേസ്, മുസ്ലിം സ്ത്രീകളുടെ ദര്‍ഗ/പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് കേസ്, അന്യമതസ്ഥരെ വിവാഹം ചെയ്ത പാര്‍സി സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട കേസ്, ദാവൂദിബോറകള്‍ക്കിടയിലുള്ള സ്ത്രീ വിരുദ്ധമായ ആചാരങ്ങളുമായി ബന്ധപ്പെട്ട കേസ് തുടങ്ങിയവയാണ് പരിഗണിക്കേണ്ടത്. ഇതോടൊപ്പം ആവശ്യമെങ്കില്‍ 1965ലെ കേരളത്തില്‍ ഹിന്ദു ക്ഷേത്രപ്രവേശന ചട്ടം കൂടി പരിശോധനയ്ക്ക് വിധേയമാക്കാമെന്നും കോടതി വ്യക്തമാക്കി. ഈ ചട്ടം റദ്ദാക്കിയാണ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമാകാമെന്ന് കോടതി വിധിച്ചത്. എന്നാല്‍ ചട്ടം എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാവുന്നതാണ്.
വിശാലബെഞ്ച് പരിഗണിക്കേണ്ട ഏഴുകാര്യങ്ങള്‍ ഇവയാണ്: 1, മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25, 26 അനുഛേദങ്ങളും ലിംഗ സമത്വം ഉറപ്പാക്കുന്ന 14ാം അനുഛേദവും തമ്മില്‍ എങ്ങനെ പരസ്പരം പൊരുത്തപ്പെടുന്നു. 2, ഭരണഘടനയുടെ 25(1) അനുഛേദത്തില്‍ പറയുന്ന പൊതുക്രമം, ധാര്‍മികത, സാമൂഹ്യ ആരോഗ്യം എന്നിവയുടെ വ്യാപ്തി എന്തായിരിക്കണം. 3, ധാര്‍മികത, ഭരണഘടനാ ധാര്‍മികത എന്നിവ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഭരണഘടനയുടെ മുഖവുരയില്‍ പറഞ്ഞിട്ടുള്ള വിശാല ധാര്‍മികതയാണോ അതോ മതവിശ്വാസത്തില്‍ ഒതുങ്ങി നില്‍ക്കുന്നതാണോ അതെന്ന് പരിശോധിക്കണം. 4, ഒരു പ്രത്യേക ആചാരം മതത്തിലെ ഒഴിവാക്കാനാവാത്ത ഭാഗമാണോ. അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പുരോഹിതര്‍ക്കാണോ അധികാരമുള്ളത്. 5, ഹിന്ദുക്കളില്‍ ഒരു വിഭാഗം എന്ന ഭരണഘടനയിലെ 25((2)(ബി)യിലെ പരാമര്‍ശത്തിന്‍റെ വ്യാഖ്യാനം, 6, ഭരണഘടനയുടെ 26ാം വകുപ്പ് പ്രകാരം മതാചാരങ്ങളിലെ ഒഴിവാക്കാനാവാത്ത കാര്യങ്ങള്‍ക്ക് ഭരണഘടനാ പരിരക്ഷയുണ്ടോ. 7, മതാചാരങ്ങളെ ചോദ്യം ചെയ്തുള്ള അതത് മതവിഭാഗങ്ങളില്‍ പെട്ടവരല്ലാത്തവരുടെ പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കേണ്ടതുണ്ടോ.
മതവിശ്വാസം സുപ്രധാനമാണെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. മതത്തിലെ അനിവാര്യമായ കാര്യങ്ങള്‍ എന്താണെന്ന് നിര്‍വ്വചിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.