ദില്ലി: കേരളത്തില്‍ നിന്ന് സൗദിയിലേക്കുളള വിമാന യാത്രയ്ക്ക് ഇനി നീളം കൂടും. മാത്രമല്ല വിമാന ടിക്കറ്റ് നിരക്കിലും വര്‍ധനവുണ്ടാകാന്‍ സാധ്യത ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ വ്യോമ മേഖല ഒഴിവാക്കി പറക്കേണ്ടി വരുന്നതിനാലാണ് യാത്രയ്ക്ക് ദൈര്‍ഘ്യമേറുന്നതും യാത്രാ നിരക്ക് വര്‍ധിക്കുന്നതുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാന്‍ ഉള്‍ക്കടലിന് സമീപത്ത് ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ ഇറാന്റെ വ്യോമ മേഖലയിലൂടെയുളള പറക്കല്‍ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.

ഇതോടെ കേരളത്തില്‍ നിന്നും സൗദിയിലേക്കുളള വിമാനയാത്രയ്ക്ക് അരമണിക്കൂര്‍ നീളം കൂടുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ഇറാന്റെ വ്യോമ മേഖല ഒഴിവാക്കേണ്ടി വരുന്നതിനാല്‍ 200 മൈല്‍ അധിക ദൂരമാണ് സഞ്ചരിക്കേണ്ടതായി വരുന്നത്.

അധിക ദൂരം യാത്ര വേണ്ടി വരുന്നുണ്ടെങ്കിലും എയര്‍ ഇന്ത്യ ഇതുവരെ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടില്ല. നിലവില്‍ വേണ്ടി വരുന്ന അധിക ചിലവ് കമ്പനി തന്നെയാണ് വഹിക്കുന്നത്. 200 മൈല്‍ അധിക ദൂരം പറക്കാന്‍ ബോയിംഗ് 737 വിമാനം ഒരു ടണ്‍ ഇന്ധനമാണ് അധികമായി ഉപയോഗിക്കുന്നത്. ഇറാന്റെ വ്യോമ മേഖല ഒഴിവാക്കി ദീര്‍ഘനാള്‍ പറക്കേണ്ടി വന്നാല്‍ അധിക ചിലവ് കമ്പനിക്ക് വഹിക്കാന്‍ സാധിക്കില്ല.