ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം മുനിസിപ്പൽ കമ്മറ്റി നവ മാദ്ധ്യമങ്ങളിലൂടെ നടത്തിയ ഇന്ദിരാജി അനുസ്മരണം ശ്രദ്ധേയമായി, യു.എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ഉത്‌ഘാടനം ചെയ്തു.

പ്രശസ്ത ചലച്ചിത്രകാരനും പത്രപ്രവർത്തകനുമായിരുന്ന കെ.എ അബ്ബാസ് ഇന്ദിരാജിയെ കുറിച്ചെഴുതിയ വാക്കുകൾ അദ്ദേഹം ഓർത്തെടുത്തത് ഇങ്ങിനെയായിരുന്നു. രാഷ്ട്രപതി ഭവനിലെ ഓഡിറ്റോറിയത്തില്‍ പ്രധാനമന്ത്രി നെഹ്‌റുവിനും കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി അബ്ബാസ് തന്റെ പ്രസിദ്ധ ചലച്ചിത്രമായ ‘മുന്ന’ പ്രദര്‍ശിപ്പിച്ചപ്പോൾ, ആ സിനിമയിലെ ബാല താരമായ റോമിയോടൊപ്പം അബ്ബാസിനെ പ്രാതലിനായ് തീന്‍മൂര്‍ത്തിയിലേക്ക് നെഹ്‌റു ക്ഷണിക്കുകയുണ്ടായി. ‘റോമിയോടൊപ്പം ആ ബഹുമതിപങ്ക് വയ്ക്കാന്‍ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച മറ്റു കലാകാരൻന്മാരെയും ഒപ്പം കൂട്ടാമോ എന്ന് അബ്ബാസ് ചോദിച്ചപ്പോൾ നെഹ്‌റു ഇന്ദിരയോടു ചോദിച്ച ചോദ്യം മൻസൂർ പള്ളൂർ ചരിത്രത്തിൽനിന്നും ഓർത്തെടുത്തു ‘ഇന്ദു, ഇവര്‍ക്കൊക്കെ പ്രാതല്‍ നല്‍കാന്‍ വേണ്ടിയുള്ള പരിപ്പും മുട്ടയും ഉണ്ടാകുമോ?’ എന്ന് നെഹ്‌റു മകളോട് തിരക്കിയപ്പോൾ ഇന്ദിരയുടെ മറുപടി, ‘ഉണ്ടാകും നമുക്കത് സാധിച്ചേക്കും…’ എന്നായിരുന്നു എന്നാൽ പിറ്റേദിവസം പ്രാതല്‍ സമയത്ത് അബ്ബാസ് ഇന്ദിരയോട് ചോദ്യത്തിന് ഇന്ദിരാ ഗാന്ധിയുടെ മറുപടിയാണ് നമ്മൾ ഏറെ ഉൾക്കൊള്ളേണ്ട യാഥാർഥ്യം എന്ന് പള്ളൂർ വ്യക്തമാക്കി. പ്രധാനമന്ത്രി ഇന്നലെ പരിപ്പിനേയും മുട്ടയേയും കുറിച്ച് തിരക്കിയത് തമാശയായിട്ടായിരുന്നോ? എന്ന കെ.എ. അബ്ബാസിൻറെ ചോദ്യത്തിന് ഇന്ദിര നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിയിട്ട് പറഞ്ഞത് ‘ഈ വീട് നടത്തിക്കൊണ്ടുപോവുക ഒരു തമാശയല്ല, പ്രത്യേകിച്ച് അഥിതി സല്‍ക്കാരം ഇഷ്ടപ്പെടുന്ന എന്റെ അച്ഛന് ലഭിക്കുന്ന ശമ്പളംകൊണ്ട്…’ പലപ്പോഴും വീട്ടുകാര്യങ്ങള്‍ക്ക് ശമ്പളം തികയാതെ വരും, കടയിൽ പലപ്പോളും കടം പറയേണ്ടിവരും, വര്‍ഷാവസാനം വിദേശപ്രസിദ്ധീകരണക്കാരില്‍നിന്ന് റോയല്‍റ്റി കിട്ടുമ്പോഴാകും അത്തരം കടങ്ങള്‍ വീട്ടുക. സ്വന്തം വീട്ടില്‍നിന്ന് അങ്ങനെ ‘കമ്മിധനകാര്യം’ പഠിച്ച ഇന്ദിര പിന്നെ ഇന്ത്യയുടെ ധനകാര്യവകുപ്പും വിദഗ്ദ്ധമായി കൈകാര്യം ചെയ്തത ചരിത്രവും. അത് ബാങ്കുകളുടെ ദേശാസൽക്കരണത്തിലേക്കും ഭൂപരിഷ്കരണ നിയമത്തിലേക്ക് നയിച്ചതുമെല്ലാം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മൻസൂർ പള്ളൂർ വ്യക്തമാക്കി.

എ.പി കുഞ്ഞാലി ഹാജി മുഖ്യ പ്രഭാഷണം നടത്തി, അബ്ദുൽ മജീദ് നഹ, പി.എം നജീബ്, ഷൌക്കത്ത് ഉപ്പൂടൻ (പ്രസിഡന്റ് മലപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി), ഹക്കീം പാറക്കൽ, സി.എം അഹമ്മദ്, ഹുസ്സൈൻ ചുള്ളിയോട്, ഷാനവാസ് തലാപ്പിൽ, യൂനുസ് കൊന്നൊല എന്നിവർ ആശംസകൾ നേർന്നു. കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും, കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു.