മനാമ: കോവിഡ് സേവന-പ്രതിരോധ രംഗത്തെ അതിജീവന പ്രവര്‍ത്തനങ്ങള്‍ 365 ദിനങ്ങൾ പിന്നിട്ട് പവിഴ ദ്വീപില്‍ കാരുണ്യത്തിന്റെ പര്യായമായി ബഹ്‌റൈന്‍ കെ.എം.സി.സി.

ബഹ്‌റൈനിലെ പ്രവാസികള്‍ക്കിടയില്‍ സാഹോദര്യവും സഹവര്‍ത്തിത്വവും സാധ്യമാക്കിയാണ് ഈ മഹാമാരിക്കാലത്തും കാരുണ്യ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി മുന്നോട്ടുപോകുന്നത്. ഇതുവരെ ആരും അനുഭവിക്കാത്ത ആര്‍ക്കും മുന്‍പരിചയമില്ലാത്ത അവസ്ഥയില്‍ പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് കൈത്താങ്ങായ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ അഭിന്ദിച്ച് ബഹ്റൈന്‍ ഭരണകൂടം രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ച ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായാണ് കെ.എം.സി.സിയുടെ കൊവിഡ് കാല കരുതല്‍ സ്പര്‍ശത്തിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ച് ഓരോരുത്തരെയും കൊവിഡ് മഹാമാരിയെ കുറിച്ച് ബോധവാന്‍മാരാക്കുകയും അവര്‍ക്ക് വേണ്ട മാസ്‌ക്കുകള്‍ ലഭ്യമാക്കുകയും ചെയ്തു. രണ്ടായിരത്തിലധികം മാസ്‌ക്കുകളാണ് തുടക്കത്തിൽ ഇത്തരത്തില്‍ വിതരണം ചെയ്തത്.

കൊവിഡ് വ്യാപനം തടയുന്നതിനായി ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍ പ്രവാസികള്‍ക്കിടയിലും സ്വദേശികള്‍ക്കിടയിലും വ്യാപകമാക്കുന്നതിലും കെ.എം.സി.സിയുടെ പ്രവര്‍ത്തനം ഏറെ സഹായകമായി.
ബഹ്റൈനിന്റെ വിവിധയിടങ്ങളിലും നഗരങ്ങളിലും ഹാന്‍ഡ് വാഷ് സൗകര്യവും സാനിറ്റൈസര്‍ സൗകര്യവുമാണ് ഇതിനായി സജ്ജീകരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രവാസികള്‍ക്കിടയില്‍ ഈ കാംപയിന്‍ വിജയിപ്പിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ദുരിതക്കയത്തിലായ പ്രവാസികളുടെ പ്രയാസങ്ങള്‍ അറിഞ്ഞ് ഇടപെടുന്നതില്‍ ബഹ്‌റൈൻ കെ.എം.സി.സി ഹെല്‍പ്പ്  ഡെസ്‌ക് നിര്‍വഹിച്ച പങ്ക് ഏറെ വലുതാണ്. ആദ്യഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസികള്‍ക്ക് വേണ്ട സേവനങ്ങളൊരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചത്. ഓരോരുത്തരുടെയും കാര്യങ്ങള്‍ കേട്ടറിഞ്ഞ് അവര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതോടൊപ്പം ബഹ്റൈന്‍ ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ എംബസിയുടെയും  നോര്‍ക്കയുടെയും മാര്‍ഗനിര്‍ദേശങ്ങളും പ്രവാസികളിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ കീഴില്‍ നടന്നുവരുന്നത്. കൂടാതെ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പ്രവാസികൾക്ക് നേടിയെടുക്കാൻ നിരവധി ഇടപെടലുകൾ നടത്തി വരുന്നു.

സഹജീവികളുടെ വിശപ്പകറ്റാന്‍ കെ.എം.സി.സി ആരംഭിച്ച കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ നാലായിരത്തി അഞ്ഞൂറോളം ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. ഇതിനായി കെ.എം.സി.സി 20 ജില്ല, ഏരിയ കമ്മിറ്റികളുടെ കീഴില്‍ അഞ്ഞൂറോളം വളണ്ടിയര്‍മാരും പ്രവര്‍ത്തിച്ചുവരുന്നു. ജോലിക്കു പോകാന്‍ കഴിയാത്തതിനാലും ഷോപ്പുകളില്‍ കച്ചവടം ഇല്ലാത്തതിനാലും മറ്റു സാമ്പത്തിക ബാധ്യതകള്‍ക്ക് പുറമെ നിലവിലെ പ്രതികൂല സാഹചര്യം കൂടി വന്നപ്പോള്‍ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കിറ്റുകളായും ഭക്ഷണമായും എത്തിച്ചുകൊടുക്കുക എന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് വിവിധ ജില്ല, ഏരിയകളെ ഉൾപ്പെടുത്തി കെ.എം.സി.സി ഏറ്റെടുത്തത്. സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും അനുഭാവികളും അദ്യുദയ കാംക്ഷികളും കാരുണ്യ പ്രവർത്തകരും ബിസിനസ് പ്രമുഖരും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്, കെ.എച്ച്.കെ, ഇന്ത്യന്‍ എംബസി എന്നിവയുടെ സഹായവും ലഭിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്നവര്‍ക്കായി നടപ്പിലാക്കിയ കെ.എം.സി.സിയുടെ മെഡി ചെയിന്‍ പദ്ധതി ആശ്വാസമേകിയത് സ്ത്രീകളും വയോധികരുമടങ്ങിയ നിരവധി രോഗികള്‍ക്കാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് നാട്ടില്‍നിന്നും മറ്റുമായാണ് മരുന്നെത്തിക്കുന്നത്. ഭീമമായ തുകയ്ക്ക് മരുന്ന് വാങ്ങാന്‍ കഴിയാത്തവര്‍, ജോലിയില്ലാത്തവര്‍, വിസിറ്റിങ് വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കും താമസിക്കുന്ന ബില്‍ഡിങ് ക്വാറന്റൈനിലായി പുറത്തുപോകാന്‍ കഴിയാത്തവര്‍ക്കും ഈ പദ്ധതിയിലൂടെ കാരുണ്യമേകുന്നു.

കഴിഞ്ഞ 11 വര്‍ഷത്തിലധികമായി നടത്തിവരുന്ന സമൂഹ രക്തദാന പദ്ധതിയായ ജീവസ്പര്‍ശം രക്ത ദാനം കൊവിഡ് കാലത്തും സജീവമാക്കുന്നതില്‍ പ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. നിയന്ത്രണങ്ങളുള്ളതിനാല്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ ബുദ്ധിമുട്ടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവര്‍ത്തനം. സല്‍മാനിയ ഹോസ്പിറ്റലില്‍ നിന്നും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ഈ പ്രത്യേക സാഹചര്യത്തിലും രക്തം ദാനം ചെയ്തു മാതൃക കാണിച്ചു. 10 ദിവസത്തോളം തുടര്‍ച്ചയായി  രക്തം നല്‍കി. കൂടാതെ രണ്ടു ദിവസം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് 200ലധികം പേരാണ് രക്ത ദാനം നടത്തിയത് ഇക്കാര്യത്തില്‍ ബഹ്റൈന്‍ ആരോഗ്യവകുപ്പ് ബ്ലഡ് ബാങ്ക് മേധാവി കെ.
എം.സി.സിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പും ശ്രദ്ധേയ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. കൂടാതെ ഇപ്പോഴും നിരന്തരം പ്രവർത്തകർ രക്തദാനം നടത്തി വരുന്നു

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സമാശ്വാസവും വേണ്ട സഹായങ്ങളെത്തിച്ച് നല്‍കാനും കെ.എം.സി.സിയുടെ കീഴില്‍ പ്രത്യേക വിങ് തന്നെ പ്രവര്‍ത്തിക്കുന്നു. രോഗബാധിതര്‍ക്ക് വസ്ത്രങ്ങള്‍, മറ്റ് സാധന സാമഗ്രികകള്‍ തുടങ്ങിയവ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു നല്‍കുന്നതോടൊപ്പം മാനസിക കരുത്ത് പകര്‍ന്ന് കരുതലാവുകയാണ് കെ.എം.സി.സി.

ലോക്ക്ഡൗണിനെ തുടര്‍ന്ന് പള്ളികളിലെ സമൂഹ നോമ്പുതുറകളും മറ്റും ഇല്ലാതായപ്പോള്‍ ഓരോരുത്തര്‍ക്കും ഇഫ്താര്‍ കിറ്റുകളെത്തിച്ച് ബഹ്റൈന്‍ കെ.എം.സി.സി പുണ്യകാലത്ത് കാരുണ്യത്തിന്റെ ഇഫ്താര്‍ ഒരുക്കുകയായിരുന്നു. ദിവസവും ആറായിരത്തിലധികം ദുരിതമനുഭവിക്കുന്നവര്‍ക്കാണ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകളെത്തിച്ചത്. ഇതിലൂടെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായി സഹകരിച്ച് ഒന്നര ലക്ഷത്തോളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള 20 ഏരിയ, ജില്ലാ കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് കിറ്റുകളെത്തിച്ചു നല്‍കുന്നത്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോക്ക് ചെയ്ത കെട്ടിടങ്ങളിലും മറ്റ് താമസ സ്ഥലങ്ങളിലും കുടിവെള്ളം ആവശ്യമുള്ളവർക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കാനും കെ.എം.സി.സി മുന്‍പന്തിയിലുണ്ട്.

പ്രതികൂല സാഹചര്യത്തിലും പ്രവാസികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളെത്തിക്കാനും സഹായങ്ങളെത്തിച്ചു നല്‍കാനും കെ.എം.സി.സിയുടെ വളണ്ടിയര്‍മാര്‍ 24 മണിക്കൂറും കര്‍മനിരതരായി പ്രവര്‍ത്തന രംഗത്തുണ്ട്. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് 20 കമ്മിറ്റികളിലായി 500 അംഗ വളണ്ടിയര്‍ വിങ് മുഴുവന്‍ സമയ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നത്. ഭക്ഷ്യക്കിറ്റുകള്‍, ഇഫ്താര്‍ കിറ്റുകള്‍  എന്നിവ അര്‍ഹരിലേക്കെകത്തിക്കുക, മരുന്നുകളെത്തിക്കുക, ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഭാരവാഹികളും ഈ വളണ്ടിയര്‍മാരുമാണ്.

കൊവിഡ് പ്രതിസന്ധി കാരണം സാമ്പത്തികമായി പ്രയാസപ്പെടുന്ന, നാട്ടിലേക്ക് മടങ്ങുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പടെ രോഗികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും മറ്റു അര്‍ഹരായ പ്രവാസികള്‍ക്കും ‘കാരുണ്യ യാത്ര’ പദ്ധതി മുഖേന നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്‍കിവരുന്നു. ഇതിനകം നിരവധി ടിക്കറ്റുകള്‍ നല്‍കി കഴിഞ്ഞു.

പ്രതിരോധ സേവന പ്രവര്‍ത്തനങ്ങളോടൊപ്പം ലോക്ക് ഡൌൺ കാലത്ത് വീടുകളില്‍ കഴിയുന്ന കുട്ടികളെ കൊവിഡ് ഭീതിയകറ്റി ആനന്ദകരമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി  സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം (വരയും വര്‍ണവും) ശ്രദ്ധേയമായിരുന്നു. മൂന്നു കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തില്‍ ബഹ്റൈനില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നുമായി നൂറോളം കുട്ടികളാണ് പങ്കെടുത്തത്. മൂന്ന് കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തിലെ വിജയികളെ കമ്മിറ്റി നിശ്ചയിച്ച വിധി കര്‍ത്താക്കളുടെ നിര്‍ണയത്തിലൂടെയാണ് കണ്ടെത്തിയത്. കൂടാതെ ഫേസ്ബുക്ക് ലൈക്കിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹന സമ്മാനവും ഒരുക്കിയിരുന്നു.

വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തിലും മറ്റുമായി കെ.എം.സി.സി പ്രവര്‍ത്തകര്‍ നല്‍കിയ സേവനം മഹത്തരമാണ്.

പെരുന്നാൾ ദിനത്തില്‍ ബഹ്റൈനിന്റെ വിവിധയിടങ്ങളില്‍ കഴിയുന്ന 9000 ഓളം പേര്‍ക്കാണ് സഹജീവി സ്നേഹത്തിന്റെ സന്ദേശങ്ങള്‍ പകര്‍ന്ന് ഭക്ഷണക്കിറ്റ് വിതരണം ചെയ്തത്. അതിജീവന കാലത്തെ ചെറിയ പെരുന്നാള്‍ ആഘോഷം നന്മയിലാക്കി ഒരുമയുടെ സ്നേഹം ചൊരിയുകയായിരുന്നു

ബഹ്‌റൈന്‍ കെ.എം.സി.സി യുടെ നേതൃത്വത്തിലുള്ള നിരവധി
ചാര്‍ട്ടേഡ് വിമാനം യാത്രക്കാരുമായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നപ്പോള്‍ ചരിത്രനിമിഷങ്ങള്‍ക്കാണ് ബഹ്‌റൈനിലെ പ്രവാസലോകം സാക്ഷിയായത്. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ചരിത്രത്തില്‍ തന്നെ നവ്യാനുഭവമായ ഈ പദ്ധതി ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങി നിരവധി പ്രയാസമനുഭവിക്കുന്നവര്‍ക്കാണ് ആശ്വാസമേകിയത്. ബഹറിനിൽ നിന്നും മരണപ്പെട്ട നിരവധി പേരുടെ മയ്യിത്തു പരിപാലനത്തിന് മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു.

കൂടാതെ കോവിഡ് കാലത്ത് നാട്ടിലകപ്പെട്ടു പോയ അമാന അംഗങ്ങൾക്ക് 5000 രൂപ എത്തിച്ചു കൊടുക്കാൻ സാധിച്ചത് പലരും നന്ദിയോടെ സ്മരിക്കുന്നു. കൂടാതെ നോർകയിൽ കൂടി നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള സഹായദനം കിട്ടാതിരുന്ന പല അർഹർക്കും വാങ്ങി കൊടുക്കാൻ സാധിച്ചതിൽ കെഎംസിസി ക്ക് ചരിതാർഥ്യമുണ്ട്.

കോവിഡ് കാല പ്രവർത്തനത്തിൽ ഏരിയ ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളുടെ നിസ്തുല്യമായ സേവനം കെഎംസിസി യുടെ കോവിഡ് കാല പ്രവർത്തന മേഖലക്ക് ഒരു താങ്ങും തണലുമായിരുന്നു.

ഇത്തരത്തില്‍ സഹജീവികള്‍ക്ക് സാന്ത്വനമേകുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു വർഷം പിന്നിടുമ്പോള്‍ അഭിമാന മുഹൂര്‍ത്തത്തിലാണ് നേതാക്കളും പ്രവർത്തകരും.