മനാമ: ഇൻഡക്സ് കഴിഞ്ഞ കുറെ വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുന്ന പദ്ധതി ഈ വർഷവും നടത്തുകയാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഓൺലൈൻ വഴി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുക എന്ന ദൗത്യം ആണ് ഇൻഡക്സ് ഏറ്റെടുത്തിരിക്കുന്നത്.

പുസ്തകങ്ങൾ നശിപ്പിച്ചു കളയാതെ വീണ്ടും ഉപയോഗിക്കുക അതുവഴി പ്രകൃതിയേയും മരങ്ങളെയും സംരക്ഷിക്കുക എന്ന വലിയ ഒരു ആശയം ജനങ്ങളിലേക്കും കൂടി വിദ്യാർത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത് എന്ന് ഇന്ഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, സാനി പോൾ എന്നിവർ പറഞ്ഞു.

പരസ്പരം സഹകരിക്കുവാനും സഹായിക്കുവാനും ഉള്ള ശീലം കുട്ടികളിൽ വളർത്തുകയും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങാവുക എന്നതും കൂടി ഇതിന്റെ ലക്ഷ്യങ്ങളാണ്. വളരെ വലിയ പിന്തുണയാണ് ബഹ്റൈനിലെ വിദ്യാർത്ഥികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ഈ പദ്ധതിക്ക് ലഭിച്ചുവരുന്നത്.

കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം വലിയ പ്രയാസങ്ങളാണ് നേരിടേണ്ടി വന്നത്. മുൻ കാലങ്ങളെ അപേക്ഷിച്ച് ബഹ്റൈനിലെ വിവിധ സംഘടനകളുമായി സഹകരിച്ച് വിപുലമായ രീതിയിൽ പുസ്തകങ്ങൾ ശേഖരിക്കുവാനും അവ വിതരണം ചെയ്യുവാനും കഴിയാത്ത വിഷമകരമായ ഒരവസ്ഥയാണ് ഈ വർഷവും നേരിടേണ്ടി വരുന്നത്.

ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു വന്നിരുന്ന പുസ്തക വിതരണം ചെയ്യുവാൻ കഴിയാതെ വരികയും പകരമായി പരമാവധി രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെടുത്തി വിതരണം ചെയ്യുന്ന രീതിയാണ് കഴിഞ്ഞ വർഷം അവലംബിച്ചത്. എന്നാൽ ആവശ്യക്കാരായ പലർക്കും പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അത്തരം അവസ്ഥ ഒഴിവാക്കി ഈ വർഷം പരമാവധി എല്ലാവർക്കും എത്തിച്ചുകൊടുക്കുവാൻ ശ്രമിക്കുകയാണ് ഞങ്ങൾ എന്ന് ഇന്ഡക്സ് ഭാരവാഹികൾ പറഞ്ഞു.

www.indexbahrain.com എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക് വഴി പുസ്തകങ്ങൾ സംഭാവന നൽകുവാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമുള്ളവർക്കും പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. രജിസ്റ്റർ ചെയ്ത മുഴുവൻ രക്ഷിതാക്കളെയും ബന്ധപ്പെടുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്യും. പുസ്തകങ്ങളുടെ ലഭ്യതക്കനുസരിച്ച് മാത്രമേ വിതരണം ചെയ്യുവാൻ കഴിയൂ എന്നതിനാൽ പരമാവധി രക്ഷിതാക്കളും വിദ്യാർത്ഥികളും ഉപയോഗിച്ച പാഠപുസ്തകങ്ങൾ നൽകി ഈ സംരംഭവുമായി സഹകരിക്കണമെന്ന് ഇന്ഡക്സ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

രജിസ്റ്റർ ചെയ്യുന്ന സമയത്ത് ക്ളാസ്, സ്കൂൾ, സ്ട്രീം എന്നിവ വ്യക്തമായി രേഖപ്പെടുത്തുവാൻ കഴിയുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന പോലെ തന്നെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്ത് നിന്ന് ലഭിച്ച സഹകരണം ഈ വർഷവും ഉണ്ടാവണമെന്ന് ഇന്ഡക്സ് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുകയോ റഫീക്ക് അബ്ദുള്ള (39888367) സാനി പോൾ (39855197) അജി ബാസി (33170089) അനീഷ് വർഗ്ഗീസ് (39899300) നവീൻ നമ്പ്യാർ (39257781) എന്നിവരെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.