അടൂർ: കോവിഡ് മൂലം ലോകം പ്രതിസന്ധി നേരിട്ടപ്പോൾ ഒഐസിസി അടക്കമുള്ള പ്രവാസിസംഘടനകൾ പ്രവാസ ലോകത്തും, നാട്ടിലും ചെയ്ത പ്രവർത്തനങ്ങൾ അഭിനന്ദന്ദനീയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അഭിപ്രായപ്പെട്ടു.

ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ആയിരുന്ന സാം സാമുവേൽ ന്റെ കുടുംബ സഹായ നിധിയിലേക്ക് ഒ.ഐ.സി.സി ദേശീയ കമ്മറ്റി സ്വരൂപിച്ച തുക അടൂരിൽ നടന്ന യോഗത്തിൽ വച്ച് സാം സാമൂവേലിന്റെ മകൾക്ക് കൈമാറിയ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

കോവിഡ് രൂക്ഷമായിരുന്ന സമയങ്ങളിൽ ബഹ്‌റൈനിലെ പ്രവാസികൾക്ക് ഭക്ഷണ കിറ്റും, മരുന്നുകളും വിതരണം ചെയ്തു ആളുകളെ സഹായിക്കാൻ എപ്പോളും സാം മുൻപന്തിയിൽ ഉണ്ടായിരുന്നു. തന്റെ ആരോഗ്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന മനസ്സ് ആയിരുന്നു സാമിന്റേത്. പ്രവാസി സംഘടനകൾ എല്ലാം ഒരേ മനസ്സോടെയാണ് പ്രവർത്തിച്ചത്.

ജോലി നഷ്ടപെട്ട ആളുകളെ സഹായിക്കുവാനും, ഭക്ഷ്യ കിറ്റുകൾ, അത്യാവശ്യ മരുന്നുകൾ വിതരണം ചെയ്യുക. നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ട് അനുഭവിച്ച ആളുകൾക്ക് ചാർട്ടേഡ് ഫ്ലൈറ്റ് കൾ ക്രമീകരിച്ചും, സൗജന്യ യാത്രാ ടിക്കറ്റുകൾ നൽകിയും സർക്കാരുകൾക്ക് പോലുംചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ പ്രവാസി സംഘടനകൾ ചെയ്തത് എന്നും ഉമ്മൻ‌ചാണ്ടി അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം ആശംസിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ്‌ ബാബു ജോർജ്, ഒഐസിസി ഗ്ലോബൽ സെക്രട്ടറിമാരായ കെ.സി ഫിലിപ്പ്, ചന്ദ്രൻ കല്ലട, ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പറും, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായ മറിയാമ്മ തരകൻ, മോഹൻകുമാർ നൂറനാട് എന്നിവർ പ്രസംഗിച്ചു ഷാജി തങ്കച്ചൻ നന്ദി രേഖപ്പെടുത്തി.

ഒ.ഐ.സി.സി നേതാക്കളായ ഷാജി പുതുപ്പള്ളി, തോമസ് കാട്ടുപറമ്പിൽ, പ്രഭകുമാർ, രാധാകൃഷ്ണൻ ചൂരക്കോട്, റെജി അടൂർ, ജിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.