മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിലെ കെ.ജി വിഭാഗങ്ങൾ മാർച്ച് ഏഴിനു ഗ്രാജ്വേഷന്‍ ദിനം ഓണ്‍ലൈനായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ വർഷം അവസാനിപ്പിച്ചപ്പോൾ കിന്റര്‍ഗാര്‍ട്ടന്‍ ജീവിതത്തിലെ ഒരു അഭിമാനകരമായ ദിവസമായിരുന്നു കുരുന്നുകള്‍ക്ക് ഈ ദിനം. കഴിഞ്ഞ കാലത്തില്‍ നിന്നുള്ള ഊഷ്മളമായ ഓർമ്മകളും ഭാവിയിലെ വലിയ സ്വപ്നങ്ങളും ആഘോഷിക്കുന്ന കുട്ടികളുടെ ജീവിതത്തിൽ ഈ ദിനം ആവേശകരമായ ഒരു നാഴികക്കല്ലായിരുന്നു.ഈ അധ്യയന വർഷം യു.കെ.ജി വിദ്യാര്‍ത്ഥികളുടെ അവസാന ഓൺലൈൻ ക്ലാസ്സിലെ പുരോഗതിയും വിജയവും ആഘോഷിക്കുന്ന വേളയായിരുന്നു ഈ ദിനം. കുട്ടികൾ അവരുടെ സെക്ഷന്റെ കളർ തീം ധരിച്ചും അവരുടെ ഗ്രാജുവേഷൻ തൊപ്പികള്‍ ധരിച്ചും സെഷനിൽ പങ്കെടുത്തു. ഒരു പ്രാവശ്യം കൂടി അവരുടെ സമപ്രായക്കാരുമൊത്തു പ്രിയപ്പെട്ട കലാസൃഷ്‌ടികള്‍ പ്രദര്‍ശിപ്പിച്ചു അവർ ദിനം ആസ്വദിച്ചു.

ഉല്ലാസ ഗാനവും നൃത്തവും അവതരിപ്പിക്കുക മാത്രമല്ല അവരുടെ ആദ്യത്തെ വെർച്വൽ കിന്റർഗാർട്ടൻ ക്ലാസ്സിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാനും അവര്‍ക്ക് ഉത്സാഹമായിരുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശകരവും രസകരവുമായ ഒരു സമയമായിരുന്നു. കുരുന്നുകള്‍ക്ക് ഭാവി സ്വപ്നത്തിന്റെ ഓരോ ഘട്ടത്തിലും വലിയ സ്വപ്‌നങ്ങൾ കാണാനും തിളങ്ങാനും സാധിക്കട്ടെയെന്നു അധ്യാപകർ ആശംസിച്ചു.“കുട്ടികൾക്ക് മികച്ച അധ്യാപകരെ ലഭിച്ചതിൽ അഗാധമായ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ടു രക്ഷാകർതൃ സമൂഹത്തിൽ നിന്ന് സ്കൂളിന് വളരെ നല്ല പ്രതികരണം ലഭിച്ചതായി റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.

ബിരുദദാന ദിന പരിപാടികള്‍ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിൽ ടീം റിഫ നടത്തിയ ശ്രമങ്ങളെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.