മനാമ: ഭാരത സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി സമ്മാനിന് അർഹനായ ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വവും ബഹ്റൈനിലെ പ്രമുഖ വ്യവസായിയുമായ കെ.ജി ബാബുരാജനെ ബഹ്‌റൈൻ സിറോമലബാർ സൊസൈറ്റി അഭിനന്ദിച്ചു.

എളിമയുടെയും സഹജീവി സ്നേഹത്തിൻറെയും ഏറ്റവും ഉദാത്ത മാതൃകയായ ബാബുരാജിന്റെ ജീവിതം, മുഴുവൻ പ്രവാസികൾക്കും മാതൃകയാണെന്ന് സിറോ മലബാർ സോസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

ബഹ്‌റൈനിലെ അംബരചുംബികളായ നിരവധി കെട്ടിടങ്ങൾക്ക് തൻറെ കയ്യൊപ്പ് ചാർത്തി ഉന്നതങ്ങളിലേക്ക് ഉയരുമ്പോഴും ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ പകർത്തി മുന്നോട്ടു പോകുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതിരുന്ന ഒരു വലിയ മനസ്സിന്റെ ഉടമയാണ് കെ.ജി ബാബുരാജെനെന്ന്‌ സെക്രട്ടറി സജു സ്റ്റീഫനും പറഞ്ഞു.

സീറോ മലബാർ സൊസൈറ്റിയുടെ മുഴുവൻ കുടുംബാംഗങ്ങളുടെയും അഭിനന്ദനങ്ങൾ ബാബുരാജന്
ഭാരവാഹികൾ അറിയിച്ചു. സൊസൈറ്റി ജോയിന്റ് സെക്രട്ടറി ജോജി വർക്കിയും, ഫൈനാൻസ് സെക്രട്ടറി മോൻസി മാത്യുവും ചടങ്ങിൽ സംബന്ധിച്ചു.