ന്യൂ ഡല്‍ഹി: അർനബ് ഗോസ്വാമി ബോളിവുഡ് ഇന്റസ്ട്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി ദില്ലി ഹൈക്കോടതിയില്‍ നാല് ബോളിവുഡ് വ്യവസായ അസോസിയേഷനുകളും അമീര്‍ ഖാനും ഷാറൂഖ് ഖാനും ഉള്‍പ്പെടെയുള്ള 34 ബോളിവുഡ് നിര്‍മ്മാതാക്കളും റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ (ടൈംസ് നൗ) എന്നിവര്‍ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തു. ബോളിവുഡ് താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും അവര്‍ക്കെതിരെ മാധ്യമ വിചാരണ നടത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. അതോടൊപ്പെ അഭിനേതാക്കളുടെയും മറ്റുള്ളവരുടെയും സ്വകാര്യതയ്ക്കുള്ള അവകാശത്തില്‍ ഇടപെടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ചാനലുകള്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങള്‍, 1994 പ്രകാരമുള്ള പ്രോഗ്രാം വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ബോളിവുഡിനെതിരെ പ്രസിദ്ധീകരിച്ച അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളെല്ലാം പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.