മനാമ: ഭാരത സർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജനെ ബഹ്റൈൻ ഇന്ത്യ എജുക്കേഷൻ & കൾച്ചറൽ ഫോറം അഭിനന്ദിച്ചു.

ഫോറം പ്രസിഡന്റ് സോവിചെൻ ചെന്നാറ്റുസ്സെരിയും, രക്ഷാധികാരിയും ബഹ്‌റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ സോമൻ ബേബിയും ചേർന്ന് ബൊക്കെ നൽകി അഭിനന്ദിച്ചു.

തിരുവല്ല സ്വദേശിയായ ബാബുരാജ് തിരുവനന്തപുരം പേട്ട യിലാണ് ഇപ്പോൾ താമസിക്കുന്നത്. ആർകിടെക്ട് ആയ ഭാര്യ റാണി ബാബുരാജ്, പിതാവിന്റെ പാത പിന്തുടരുന്ന മകൻ രജത് ബാബുരാജ്, ഭാര്യ ഡോക്ടർ ഐശ്വര്യ മകൾ ഐറ, ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന മകൾ രമ്യാ ബാബുരാജ്, ഭർത്താവ് ഡോക്ടർ അബിൻ വിജയനും അടങ്ങുന്നതാണ് ബാബുരാജിന്റെ കുടുംബം. കഴിഞ്ഞ നാല്പതോളം വർഷങ്ങളായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ഇന്നും തന്റേതായ സേവനരംഗത് സജീവമാണ്.

നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ബഹ്‌റൈനിലും നാട്ടിലുമായി ബാബുരാജ് നേതൃത്വം നൽകുന്നുണ്ട്.

കെ.ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഈ പുരസ്‌കാരം അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണെന്നും ഫോറം രക്ഷാധികാരി സോമൻ ബേബി പറഞ്ഞു. ഈ അപൂർവ്വ നേട്ടത്തിൽ ബാബുരാജനെ അനുമോദിക്കുന്നതായി ഫോറം പ്രസിഡന്റ് സോവിചെൻ ചെന്നാറ്റുസ്സെരി അറിയിച്ചു.