മനാമ: അനികൈറ്റ് ബാലന്റെ ആദ്യ പുസ്തകമായ “ദി മാജിക്കൽ സ്റ്റോൺ” എന്ന ഫാന്റസി സ്റ്റോറിയുടെ പ്രകാശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള, എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഷെമിലി പി. ജോണിന് പുസ്തകത്തിന്റെ ആദ്യ കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു.അനിതരസാധാരണമായ കഴിവുകൾ കൊണ്ട് ഇത്ര ചെറുപ്പത്തിലേ ഒരു പുസ്തകത്തിന്റെ രചയിതാവായ അനികൈറ്റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായ ബഹ്‌റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ആശംസിച്ചു.

ഇത്തരം പ്രതിഭകളെ വാർത്തെടുക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ഏറെ പങ്കു വഹിക്കാനുണ്ടെന്നും ഭാവിയിൽ ലോകമറിയുന്നൊരു എഴുത്തുകാരനായി അനികൈറ്റ് മാറട്ടെ എന്നും പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ച ഷെമിലി പി. ജോൺ ആശംസിച്ചു.

അനി കൈറ്റിനെ പോലുള്ള കുരുന്ന് പ്രതിഭകൾ ഭാവിയിലെ വാഗ്ദാനങ്ങൾ ആണെന്നും,അത്തരം കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന കാര്യത്തിൽ മാതാപിതാക്കളോടൊപ്പം സമൂഹവും ഒപ്പം നിൽക്കണമെന്നും സമാജം പ്രസിഡണ്ട് രാധാകൃഷ്ണപിള്ള പറയുകയുണ്ടായി.

സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരിക്കൽ, റഷീദ് മാഹീ,പ്രദീപ് പുറവങ്കര, ഷംസുദീൻ വെള്ളികുളങ്ങര, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

യു.കെ, ബാലൻ ശ്രീഷ എന്നിവരുടെ രണ്ടു മക്കളിൽ മൂത്തവനാണ് ഏഷ്യൻ സ്കൂൾ 6 ആം ക്ലാസ് വിദ്യാർത്ഥിയായ അനികൈറ്റ് ബാലൻ.

‘ദി മാജിക്കൽ സ്റ്റോൺ ‘ സ്റ്റോറിയിലെ അനികൈറ്റ് എന്ന ഹീറോ ഈ സ്റ്റോറി വായിക്കുന്ന ഓരോ കുട്ടികളുമായിരിക്കും എന്ന്, എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ച്കൊണ്ട് മറുപടി പ്രസംഗത്തിൽ അനികൈറ്റ് പറഞ്ഞു.