ന്യൂഡല്‍ഹി: സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന 104 എം.എല്‍.എമാരുടെ ലിസ്റ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ഇന്നലെ ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ നേരിട്ട് സന്ദര്‍ശിച്ചാണ് ഗെഹ്്‌ലോട്ട് ലിസ്റ്റ് കൈമാറിയത്. തനിക്ക് ഇപ്പോഴും അസംബ്ലിയില്‍ ഭൂരിപക്ഷമുണ്ടെന്ന് ഗെഹ്്‌ലോട്ട് ഗവര്‍ണറെ അറിയിച്ചു. സച്ചിന്‍ പൈലറ്റിനെയും മറ്റു രണ്ടു മന്ത്രിമാരെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്ക് സ്പീക്കര്‍ അംഗീകാരം നല്‍കി. തനിക്ക് മന്ത്രിസഭ പുനര്‍സംഘടിപ്പിക്കാന്‍ അല്‍പം സമയം വേണമെന്ന് ഗെഹ്്‌ലോട്ട് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗെഹ്്‌ലോട്ട് ഉടന്‍ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന് പൈലറ്റിനൊപ്പമുള്ള എം.എല്‍.എമാര്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ 109 എം.എല്‍.എമാരുടെ പിന്തുണ ഇപ്പോഴുമുണ്ടെന്നാണ് കോണ്‍ഗ്രസിനൊപ്പമുള്ള എം.എല്‍.എമാര്‍ അവകാശപ്പെടുന്നത്. 124 പേരുടെ പിന്തുണയുമായാണ് ഗെഹ്്‌ലോട്ട ഭരിച്ചിരുന്നത്. പ്രതിപക്ഷത്ത് 76 അംഗങ്ങള്‍ മാത്രമേയുള്ളൂ. രാജസ്ഥാന്‍ മന്ത്രിസഭയില്‍ കാര്യമായൊരു മന്ത്രിസഭാ പുനര്‍സംഘടന നടത്താനാണ് ഗെഹ്്‌ലോട്ട് ആലോചിക്കുന്നത്. എട്ട് മന്ത്രിസ്ഥാനങ്ങളില്‍ നിലവില്‍ ഒഴിവുകളുണ്ട്. പൈലറ്റിനെ മാറ്റിയ ഉപമുഖ്യമന്ത്രി പദവിയിലേക്ക് മഹേഷ് ജോഷിയെ നിയോഗിച്ചേക്കും. മറ്റൊരു ഉപമുഖ്യമന്ത്രിയെക്കൂടി നിയോഗിക്കാനും ആലോചനയുണ്ട്.