മലപ്പുറം: എടപ്പാൾ കോവിഡ് കാലത്തെ അതിജീവനത്തിന്റെ ഭാഗമായി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ രൂപം കൊണ്ട സോപാനം മ്യൂസിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. കുറുങ്ങാട്ട്മന വാസുദേവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് പ്രകാശ് മഞ്ഞപ്ര, ഗോപിനാഥ് പാറയിൽ, കണ്ടനകം മുരളി, വിഷ്ണു സോപാനം, ഗംഗാധരൻ ആലങ്കോട്, സോപാനം സ്കൂളിലെ മറ്റു ആശാന്മാർ, എന്നിവരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.ചടങ്ങിൽ തദ്ദേശീയരായ മുതിർന്ന കലാകാരന്മാരായ അപ്പുണ്ണി കണ്ടനകം,ഇബ്രാഹിം കണ്ടനകം എന്നിവരെ ആദരിച്ചതിനുശേഷം ബേബി സായികൃഷ്ണയുടെ സോപാനസംഗീതവും ഉണ്ടായിരുന്നു.ആദ്യവില്പന പ്രശസ്ത സിനിമാ സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോൻ ചെണ്ട വാങ്ങിക്കൊണ്ടു നിർവഹിച്ചു. ഔദ്യോഗിക തിരക്കുകൾ മൂലം നേരിട്ട് വരാൻ സാധിക്കാത്തത് കൊണ്ട് അവർക്കുവേണ്ടി സോപാനസംഗീത ഗായിക ബേബി സായി കൃഷ്ണ ഏറ്റുവാങ്ങി.

ബാംഗ്ലൂരിലെ ഒഡീസി നർത്തകിയായ സ്വാതി പ്രസാദിന് തിമില വിൽപ്പനയും നടന്നു.
കേരളീയ വാദ്യോപകരണങ്ങളുടെ നിർമ്മാണവും പാശ്ചാത്യ സംഗീത ഉപകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാദ്യ സംഗീത ഉപകരണങ്ങളുടെ വിൽപ്പനയും ഉണ്ടായിരിക്കുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: റഷീദ് കുഞ്ഞിപ്പ