മനാമ: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം ഓൺലൈൻ സംഗമം സംഘടിപ്പിക്കുന്നു. “അതിജീവിക്കാൻ കരുത്തുള്ളവൾ” എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ: എം.ജി മല്ലിക ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ സാമൂഹ്യപ്രവർത്തക എ. റഹ്മത്തുന്നിസ മുഖ്യപ്രഭാഷണം നടത്തും. ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സ്ത്രീ വിവേചനവും പെൺകുട്ടികളുടെ സുരക്ഷിതത്വവും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ സമയത്ത് അവരിൽ ആത്മവിശ്വാസം വളർത്തി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നതാണ് പരിപാടികൊണ്ടുദ്ദേശിക്കുന്നതെന്നും സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള കലാവിഷ്കാരങ്ങൾ വനിതാ സംഗമത്തിൽ ഉണ്ടായിരിക്കുമെന്നും ഏരിയ പ്രസിഡന്റ് ബുഷ്റ റഹീം, സെക്രട്ടറി സൗദ പേരാമ്പ്ര എന്നിവർ അറിയിച്ചു.