ലണ്ടന്‍: അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ ആയിരക്കണക്കിന് വാസസ്ഥലങ്ങള്‍ ഏറ്റെടുക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ അപലപിച്ചു. പ്രദേശത്തെ നടത്തുന്ന സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇസ്രയേലിന്റെ തീരുമാനമെന്ന് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.

ഇസ്രയേലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതാണ്. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ ഒത്തുതീര്‍പ്പിലേക്കെത്താമെന്ന ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയെ കൂടുതല്‍ തടസ്സപ്പെടുത്തുന്നതാണ് ഇസ്രയേലിന്റെ തീരുമാനമെന്ന് ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇസ്രയേലും യുഎഇയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രകരാര്‍ പലസ്തീനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗുണമാകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഇത്തരം നടപടി ഇസ്രയേല്‍ നടത്തുന്നത് ഫലപ്രദമല്ലെന്നും യുറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കി.