മനാമ: 37 വർഷമായി ബഹ്‌റൈനിൽ പ്രവാസം ജീവിതം നയിക്കുന്ന മുഹമ്മദ് ഉണ്ണി 1983 മെയ് 6 ന് ബോംബെയിൽ നിന്ന് ബഹ്റൈനിൽ എത്തിയതാണ്. 1985 മെയ് 5 മുതൽ ബാസ് കമ്പനിയുടെ കീഴിൽ ബഹ്‌റൈൻ എയർപോർട്ട് സർവീസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു വരുകയായിരുന്നു മുഹമ്മദ് ഉണ്ണി എന്ന പുത്തൻപുരക്കൽ മോമുണ്ണി. നീണ്ട 35 വർഷവും 5 മാസവും ബാസിൽ തന്നെയാണ് ജോലി ചെയ്തുവന്നത്. മൂന്നര പതിറ്റാണ്ട് കാലത്തെ നീണ്ട സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുവാൻ നാട്ടിലേക്ക് യാത്രതിരിക്കുകയാണ് അദ്ദേഹം. ഏതൊരു പ്രവാസിയെയും പോലെ തുടക്ക കാലഘട്ടത്തിൽ ഒരുപാട് ബുദ്ധിമുട്ടും, വിഷമങ്ങളും സഹിച്ചാണ് ജീവിതം തള്ളി നീക്കിയത്. 2020 ഒക്ടോബർ 15 ന് അദ്ദേഹം പവിഴദ്വീപിനോട് വിടപറഞ് നാട്ടിലേക്ക് യാത്രയായി. നീണ്ട പ്രവാസ ജീവിതത്തിൽ സ്വന്തം കുടുംബത്തെ കരകയറ്റുന്നതിനൊപ്പം പ്രവാസഭൂമിയിലെ അശരണർക്ക് എന്നും താങ്ങായിരുന്നു അദ്ദേഹം. മറ്റുള്ളവരെ തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കുവാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. രണ്ടു വർഷം മുന്നേ അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളെ മുൻനിർത്തി മുഹറഖ് മലയാളി സമാജം (എം.എം.എസ്) അദ്ദേഹത്തെ അവാർഡ് നൽകി ആദരിച്ചിരുന്നു. മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളുടെ സംഗമസ്ഥലമായ ചങ്ങരംകുളത്തിന് അടുത്ത് കോക്കൂർ എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ വീട്. ഭാര്യ സുലൈഖയും മൂന്ന് ആൺമക്കളും അടങ്ങുന്ന കുടുംബത്തിൽ മൂത്ത മകൻ സൽമാൻ ദുബായ് എയർപോർട്ടിൽ ജോലിചെയ്യുന്നു. രണ്ടാമത്തെ മകൻ സുഹൈൽ പ്ലസ് വണ്ണിലും, ഇളയമകൻ ഷാഹിദ് ഒൻപതാം ക്ലാസ്സിലും പഠിക്കുന്നു.