മനാമ: മാനവികതയുടെയും കാരുണ്യത്തിന്റെയും വിശ്വകാവ്യങ്ങളെയെഴുതിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വിയോഗം കേരളസാഹിത്യ- സാംസ്കാരികരംഗത്തിന് തീരാനഷ്ടമാണെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകവിയായ അക്കിത്തത്തിന്റെ സംഭാവനകൾ മലയാള സാഹിത്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ കൂടിയാണ് എന്നദ്ദേഹം പറഞ്ഞു.

പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയ്ക്ക് തനതായ ഒരിടം കണ്ടെത്തിയ സാഹിത്യകാരനായിരുന്നു അക്കിത്തമെന്നു സമാജം സെക്രട്ടറി വർഗീസ് കാരക്കൽ അനുസ്മരിച്ചു. ജ്ഞാനപീഠ പുരസ്കാരജേതാവ് കൂടിയായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ കേരളീയ സമാജം എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗങ്ങൾ പത്രകുറിപ്പിലൂടെ അറിയിച്ചു.