മനാമ: ബഹ്‌റൈനിലെ പ്രവാസികളെയും മറ്റ് രാജ്യങ്ങളിലെ ജനങ്ങളെയും സ്വന്തം രാജ്യത്തെ പൗരന്മാരെ പോലെ കണ്ട് പരിപാലിച്ച ഭരണാധികാരിയാണ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കെ.എം.സി.സി ബഹ്‌റൈന്‍ സംഘടിപ്പിച്ച ഹിസ് റോയൽ ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ ഓണ്‍ലൈന്‍ അനുസ്മരണ സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ മലയാളികളോടും പ്രവാസികളോടും കാണിക്കുന്ന സ്‌നേഹവും വാത്സല്യവും എല്ലാകാലത്തും എടുത്ത് പറയേണ്ടതാണ്. അതിന് നൂറ്റാണ്ടുകളുടെ ചരിത്രവും വ്യക്തമായ ചരിത്രപശ്ചാത്തലവുമുണ്ട്. ഇത് പിന്തുടര്‍ന്ന് നമ്മോട് ഏറെ സ്‌നേഹവും ആദരവും കാണിച്ച മഹാവ്യക്തിത്വമായിരുന്നു ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ. അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.