മനാമ: ബഹ്‌റൈന്റെ സാംസ്കാരിക വൈവിധ്യത്തെ ഉയർത്തിക്കാട്ടിയും രാജ്യത്തിനു അഭിവാദ്യമർപ്പിച്ചും ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. ഡിസംബർ 15 നു ചൊവ്വാഴ്ച ഓൺലൈനിൽ പരിപാടികൾ നടന്നു.

തത്സമയ ആലാപനം, നൃത്തം, ജാം സെഷനുകൾ, പോസ്റ്റർ, പതാക നിർമ്മാണം എന്നിവ ഉൾക്കൊള്ളുന്ന പരിപാടികൾ നടന്നു. വിദ്യാർത്ഥികൾ ഓൺ‌ലൈൻ പ്രസംഗങ്ങളിൽ പങ്കെടുക്കുകയും രാജ്യങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി പതാകകളുമായി പരിപാടികളിൽ പങ്കെടുത്തു.

ഓരോ ക്ലാസും വിവിധ പരിപാടികളുമായി സജീവമായിരുന്നു. സ്ലൈഡ് ഷെയർ, അവതരണങ്ങൾ എന്നിവയിലെ അവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളുടെ ചിത്രരചനയും കളറിംഗും പ്രദർശിപ്പിച്ചിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും ദേശീയ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയിച്ചു പരിപാടി അവിസ്മരണീയമാക്കി.

മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവരും രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി. ദേശീയ ദിനാഘോഷത്തിനായി ഇന്ത്യൻ സ്‌കൂൾ കാമ്പസും അലങ്കരിച്ചിരുന്നു.

ബഹ്‌റൈന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രത്യേകതയും സമൃദ്ധിയും ആഘോഷിക്കുക എന്നതാണ് ദേശീയ ദിന പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന് റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.

തദവസരത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്കും രാജ്യത്തെ പൗരന്മാർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.