മനാമ: കോവിഡ് ബാധയും, ടി.ബിയും പിടിപെട്ട് സൽമാനിയ ഹോസ്പിറ്റലിൽ നിന്നും തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ തെലുങ്കാന സ്വദേശി ഭോജണ്ണ ചോപ്പാരിക്കാണ് ഹോപ്പ് ബഹ്‌റൈൻ സഹായം നൽകിയത്.

സ്വകാര്യ ക്ലീനിങ് കമ്പനി തൊഴിലാളി ആയ ഭോജണ്ണ സൽമാനിയ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭോജണ്ണക്ക് ഒരുമാസത്തിലേറെ നാളിനു ശേഷവും കോവിഡ് നെഗറ്റീവ് ആകാഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ടി.ബി സ്ഥിതീകരിക്കുകയായിരുന്നു. രണ്ടുമാസത്തിലേറെക്കാലത്തെ ആശുപത്രിവാസത്തിനു ശേഷം കോവിഡ് നെഗറ്റീവ് ആയ അദ്ദേഹം നാട്ടിലേക്കുള്ള യാത്രക്കായി. എയർപോർട്ടിൽ എത്തിയപ്പോൾ അവശനായി വീണതിനെ തുടർന്ന് വീണ്ടും സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. ഏകദേശം മൂന്നുമാസത്തിലേറെക്കാലത്തെ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസം ഭോജണ്ണ ജന്മനാട്ടിലേക്ക് യാത്രയായത്.

തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ സാമ്പത്തിക നില പരിതാപകരമാണെന്നു മനസിലാക്കിയ ഹോപ്പ് പ്രവർത്തകർ അദ്ദേഹത്തിന് സാധ്യമായ സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടു പെണ്മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായാ ജോലികൂടി നഷ്ടപ്പെട്ട് രോഗിയായി നാട്ടിലേക്കു യാത്രയായ ഭോജണ്ണക്ക് ഒരു ലക്ഷത്തി ഇരുപത്തെണ്ണായിരത്തി മുന്നൂറ്റി ഇരുപത്തിരണ്ട് രൂപയാണ് സഹായമായി നൽകിയത്.

തീർത്തും അർഹരായ നിരാലംബരായ പാർശ്വവത്കരിക്കപ്പെട്ട ആളുകളിലേക്ക് സഹായം എത്തിക്കാനും അവരുടെ വേദനകളിൽ കൈത്താങ്ങാകുവാനും ഹോപ്പ് ബഹ്റൈന് ഊർജം നൽകുന്ന അംഗങ്ങൾക്ക് ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.