
തവനൂർ: പ്രമുഖ സാമൂഹ്യ പ്രവർത്തകനും, യു.ഡി.എഫ് സ്ഥാനാർഥിയുമായി ഫിറോസ് കുന്നംപറമ്പിലിന് തവനൂർ മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. വൈകീട്ട് നാലോടെ വട്ടംകുളം കോൺഗ്രസ് ഓഫിസിലും മുസ്ലിം ലീഗ് ഓഫിസിലുമെത്തി നേതാക്കളെ സന്ദർശിച്ച ശേഷം ജില്ല അതിർത്തിയായ വട്ടംകുളം നിലീയാട്ടുനിന്ന് വാഹന പ്രചാരണ ജാഥ ആരംഭിച്ചു.വൻ ജനാവലിയുടെ അകമ്പടിയോടെയാണ് വാഹന പ്രചാരണ ജാഥ അരങ്ങേറിയത്. തുറന്ന വാഹനത്തിൽ എടപ്പാൾ, നരിപ്പറമ്പ് വഴി കടന്നുപോയ ജാഥ ആലത്തിയൂരിൽ സമാപിച്ചു. ഫിറോസ് സ്ഥാനാർഥിയായതിെൻറ ആവേശത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന് ഫിറോസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. സി.പി. ബാവഹാജി, യു.ഡി.എഫ് നേതാക്കളായ സുരേഷ് പൊൽപ്പക്കര, ഇഫ്തിഖാറുദ്ദീൻ, ഇബ്രാഹിം മൂതുർ, ഇ.പി. രാജീവ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചിരുന്നു.