മനാമ: ക്രിയാത്മകവും വ്യവസ്ഥാപിതവുമായ പ്രവർത്തനങ്ങളിലൂടെ ഒരു ദേശത്തിന്റെയും ആ ദേശത്തെ പ്രവാസികളുടെയും പ്രത്യാശയായി മാറിയിരിക്കുകയാണ് വയനാട് ജില്ല ഗ്ലോബൽ കെ.എം.സി.സി. ഗള്‍ഫ് രാജ്യങ്ങളുടെ നിയമങ്ങളും താത്പര്യങ്ങളും സ്വന്തം പൗരന്മാർക്ക് അനുകൂലമായി മാറികൊണ്ടിരിക്കുമ്പോൾ വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള വയനാട്ടിലെ കെ.എം.സി.സി പ്രവർത്തകരും അവർക്കനുകൂലമാകുന്ന ഭാവി പദ്ധതികളുടെ സജീവ ആലോചനകളിലാണ്. സാമ്പത്തികവും ചരിത്രപരവുമായ പല കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന ജില്ലയിൽ അനിവാര്യതയുടെ സൃഷ്ടിയെന്നോണം കൃത്യം ഒരു വർഷം മുൻപാണ് ജില്ല മുസ്ലിം ലീഗിന്റെ നേതൃപരമായ പങ്കിൽ ഗ്ലോബൽ കെ.എം.സി.സി വയനാട് രൂപപീകരിക്കപ്പെടുന്നത്. കൂടും കൂട്ടും കുടുംബവും വെടിഞ്ഞ ഈ പാവം പ്രവാസികളെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു സമ്പത്ത് വ്യവസ്ഥയാണ് വയനാട്ടിലെ പ്രവാസികുടുംബങ്ങൾക്കുള്ളത്. ഈ അവസ്ഥ തന്നെ ആണ് ഇപ്പോള്‍ ജോലി നഷ്ടപ്പെടുന്ന വിദേശ മലയാളികളുടെ പേടി സ്വപ്നവും. നാട്ടില്‍ വന്നാല്‍ എന്ത് ചെയ്യും?

ഈ ഒരു ആലോചന ശക്തിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗൾഫ് രാജ്യങ്ങളിലെ വായനാട്ടുകാരായ കെ.എം.സി.സി പ്രവർത്തകരെ കോർത്തിണക്കി ഗ്ലോബൽ കെ.എം.സി.സി എന്ന ആശയം മുൻപോട്ടു വെച്ചത്. ലോകത്തെ നിശ്ചലമാക്കിയ കോവിഡിന് ഏതാനും മാസങ്ങൾക്കുമുമ്പ് തന്നെ ഗ്ലോബൽ കെ.എം.സി.സി രൂപം കൊണ്ടത് ദൈവ നിശ്ചയമായിരിക്കാം. കോവിഡ് കാലത്ത് പ്രതിസന്ധിയിലകപ്പെട്ടുപോയ ജില്ലയിലെ 2500 ഓളം പ്രവാസി കുടുംബാംഗങ്ങൾക്ക് കോവിഡ് കാലത്ത് ഭക്ഷണ കിറ്റ് നൽകി സമാശ്വാസം പകർന്നാണ് ഗ്ലോബൽ കെ.എം.സി.സി അതിന്റെ ചരിത്രപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചത്. ദുബൈയിലെ പ്രമുഖ സാമൂഹികപ്രവർത്തകനും ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയുമായ മജീദ് മണിയോടൻ പ്രസിഡന്റും സൗദി അറേബിയയിലെ കെ.എം.സി.സി സാമൂഹിക പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യവുമായ അസീസ് കോറോം ജനറൽ സെക്രട്ടറിയും പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഹംസക്കുട്ടി ബത്തേരി ട്രഷററുമായ പ്രഥമ കമ്മിറ്റയാണിപ്പോൾ ഗ്ലോബൽ കെഎംസിസിയെ നയിക്കുന്നത്. യു.എ.ഇ, സൗദി, ഖത്തർ, കുവൈത്, ബഹ്‌റൈൻ, ഒമാൻ തുടങ്ങിയ മുഴുവൻ ജിസിസി രാജ്യങ്ങളിൽ നിന്നും സഹഭാരവാഹികളുള്ള ഗ്ലോബൽ കെ.എം.സി.സി ജില്ലാടിസ്ഥാനത്തിൽ വരുന്ന പ്രഥമ ജില്ലയാണ് വയനാട്.ശാസ്ത്രീയമായ രീതിയിലാണ് ഗ്ലോബൽ കെ.എം.സി.സി ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്. ജില്ലയിലെ മുഴുവൻ മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ ഇതിനോടകം കമ്മിറ്റികൾ രൂപീകരിക്കപ്പെട്ട ഗ്ലോബൽ കെഎംസിസി ജില്ലയിലെ പഞ്ചായത്തു തലങ്ങളിൽ” കനിവിന്റെ ചിറകൊരുക്കാം ഒരുമയിൽ അണിനിരക്കാം” എന്ന ശീർഷകത്തിൽ കാമ്പയിൻ ആചരിചരിച്ചു വരികയാണിപ്പോൾ. കാമ്പയിന്റെ ഔദ്യോഗിക ഉത്ഘാടനം കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജില്ല മുസ്ലിം ലീഗ് സാരഥികളായ ജനാബ് പി.പി.എ കരീം, കെ.കെ അഹ്‌മദ്‌ ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് കോറോത്തിന് ആദ്യ മെമ്പർഷിപ് നൽകി കൊടപ്പനക്കൽ വസതിയിൽ വെച്ച് നിർവഹിച്ചു. കെ.എം.സി.സി മെമ്പർഷിപ്പുള്ള ജില്ലയിലെ മുഴുവൻ പ്രവാസികളെയും സംഘടനയുടെ ഭാഗമാക്കുക എന്നതാണ് കാമ്പയിന്റെ ഉദ്ദേശം. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലുള്ള ചലനാത്മകമായ ഇടപെടലുകൾക്ക് പുറമെ പ്രവാസികൾക്കും നാടിനും ഗുണകരമായ വൻ പദ്ധതികളും ആസൂത്രണം ചെയ്തുവരികയാണ് ഗ്ലോബൽ കെ.എം.സി.സി.
ഒരു വാട്സാപ്പ് ഗ്രൂപ്പ് ഔദ്യോഗിക സ്വഭാവത്തിലേക്ക് മാറ്റിഎടുക്കാൻ കഴിയും എന്നുകൂടി തെളിയിച്ച ഈ കൂട്ടായ്മക്ക് ഇവയെ ചേര്‍ത്തു നിര്‍ത്തുന്ന വിപുലമായ ഏകോപന സമിതിയും കൃത്യമായ നിയമാവലിയും ഉണ്ട്.മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാകുന്നതോടെ അംഗങ്ങളുടെ തോതനുസരിച്ച് അഞ്ചു ലക്ഷം മുതൽ പത്ത് ലക്ഷം വരെയുള്ള സുരക്ഷാ സ്‌കീം പദ്ധതി കമ്മറ്റിയുടെ പ്രഥമ പരിഗണയിലുണ്ട്. മരണാനന്തര ധനസഹായം എന്ന പതിവ് കാഴ്ച്ചയിൽ നിന്ന് വിഭിന്നമായി ജീവിച്ചിരിക്കുമ്പോൾ തന്നെ ആവശ്യമായ സഹായങ്ങൾ നൽകി തണലാവുക എന്ന ആശയമാണ് ഗ്ലോബൽ കെ.എം.സി.സിയുടെ വർധിത പ്രാധാന്യം വിളിച്ചോതുന്നത്. വിദ്യാഭ്യാസം, പുനരധിവാസം, വിവാഹം തുടങ്ങിയ സാദാരണ പ്രവാസികളുടെ കുടുമ്പങ്ങൾ അഭിമുഖീകരിക്കുന്ന കഷ്ടതകൾക്ക് അറുതിവരുത്താനുള്ള നൂതന പദ്ധതികൾ അടിയന്തിര പ്രാധാന്യത്തോടെ കമ്മിറ്റി ആലോചിച്ചുവരുന്നു. സാദാരണക്കാരായ പ്രവാസികൾ മുതൽ വ്യവസായികളും ഉദ്യോഗസ്ഥരു മടങ്ങുന്ന ഗ്ലോബൽ കെ.എം.സി.സി സമീപ ഭാവിയിൽ വയനാട്ടിലെ പ്രാസ്ഥാനിക രംഗത്ത് ചരിത്രം കുറിക്കും എന്നതിൽ സന്ദേഹമില്ല.