“ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു.”

ലഖ്നോ: ഉത്തർപ്രദേശിൽ ബുലന്ദ്ഷഹറിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു. കേസ് പിൻവലിക്കാൻ പെൺകുട്ടി സമ്മതിക്കാത്തതിനെ തുടർന്നാണ് തീകൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ പെൺകുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു. കേസ് പിൻവലിക്കാൻ നിരന്തരം സമ്മർദമുണ്ടായിരുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പ്രതിയുടെ അമ്മാവനാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊടുത്തിയത്. സംഭവത്തിൽ പ്രതിയുടെ ബന്ധുക്കൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് വീട്ടിലേക്ക് മടങ്ങുന്ന വഴി പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്തത്. പിടിയിലായ പ്രതി ജയിലിലാണ്. കേസിൽ വീഴ്ച വരുത്തിയതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. അതേസമയം, പെൺകുട്ടി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യം അവകാശപ്പെട്ടത്. പിന്നീട് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.