മലപ്പുറം: ബലിപെരുന്നാളിനും അതോടനുബന്ധിച്ചുള്ള ഉളുഹിയ്യത്തിനും (ബലിമൃഗത്തെ അറുക്കൽ) ഒരുശതമാനം പോലുംജാഗ്രത കൈവിടരുതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ബലിപെരുന്നാളും ഉളുഹിയ്യത്തും വിശ്വാസിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അതീവ ജാഗ്രതയോടെയും അധികൃതരുടെ നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ചുമാണ് അത് നടത്തേണ്ടത്. ആരോഗ്യ സുരക്ഷയ്ക്ക് മികച്ച പരിഗണന നൽകണം. പെരുന്നാൾ നിസ്കാരത്തിന് കുട്ടികളും പ്രായംകൂടിയവരും പള്ളിയിലേക്ക് പോകരുത്. അവർ വീടുകളിൽ നിസ്കരിക്കുക. ഉളുഹിയ്യത് നടക്കുന്ന സ്ഥലങ്ങളിലും മാംസ വിതരണത്തിലും ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം.

കോവിഡ് രോഗികൾ ഇനിയും വർധിച്ചാൽ വല്ലാതെ പ്രയാസപ്പെടുമെന്ന സർക്കാരിന്റെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കണം. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ അധികൃതരോടൊപ്പം ജനങ്ങളും പൂർണമായി സഹകരിച്ചേ മതിയാവൂ. രാഷ്ട്രീയ സംവാദങ്ങളും സമരങ്ങളും ജനാധിപത്യത്തിന്റെ മാർഗ്ഗം തന്നെയാണ്.

പക്ഷേ കോവിഡിന് എതിരേയുള്ള പ്രവർത്തനങ്ങളെ അത് ഒരിക്കലും ബാധിക്കരുതെന്ന് കാന്തപുരം രാഷ്ട്രീയപ്പാർട്ടികളെ ഓർമ്മപ്പെടുത്തി.