ആലുവ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആലുവ മണപ്പുറത്ത് ഇക്കുറി ബലിതർപ്പണം നടത്തില്ല. കർക്കിടക വാവ് ദിനമായ നാളെ ഭക്തരുടെ ക്ഷേത്രപ്രവേശനവും അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.

ആലുവ നഗരസഭ കണ്ടെയ്ൻമെന്റ് സോൺ ആയ സാഹചര്യത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് ക്ഷേത്രങ്ങളിലെ കർക്കിടക വാവ് ബലിതർപ്പണം ഉപേക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ബലി തർപ്പണ ചടങ്ങുകൾ ഒഴിവാക്കുന്നത്. 2013, 2018 വർഷങ്ങളിൽ പ്രളയത്തെത്തുടർന്ന് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.