ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടര്‍ച്ചയായി നാലാം ദിവസവും 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ 54,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 853 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനെട്ട് ലക്ഷത്തിന് അടുത്തെത്തി. 3769 പേരാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്ന് മാത്രം 8555 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അതേ സമയം രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വന്‍കുതിപ്പുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 51,225 കോവിഡ് 19 രോഗികള്‍ സുഖംപ്രാപിച്ചതായും ഒരു ദിവസം രോഗം ഭേദമാകുന്നവരുടെ ഏറ്റവും വലിയ കണക്കാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തിനിരക്ക് 65.44 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് കുറഞ്ഞ് 2.13 ശതമാനത്തിലെത്തി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 5,77,899 ആയി വര്‍ദ്ധിച്ചതായും മന്ത്രാലയം അറിയിച്ചു.