ന്യൂഡൽഹി: ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ കൊവിഡ് പരിശോധനഫലം പോസിറ്റീവായതായി അമിത്ഷാ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെന്നും അമിത് ഷാ അറിയിച്ചു.

കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയതെന്നും ഇപ്പോള്‍ തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.താനുമായി അടുത്തകാലത്ത് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ പോകണമെന്നും അമിത് ഷാ ഉപദേശിച്ചു.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അമിത് ഷായുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് താന്‍ പൂര്‍ണ്ണആരോഗ്യവാനാണെന്ന് അമിത് ഷാ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.