തിരുവനന്തപുരം: പൊലീസിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്കായി, സൈബർ രംഗത്ത് കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും, നൂതനാശയങ്ങളുമുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും, പ്രദർശിപ്പിക്കുന്നതിനുമായി കേരള പോലീസിന്റെ നേതൃത്വത്തിൽ അന്തർദേശീയതലത്തിൽ അവതരിപ്പിക്കുന്ന വിർച്വൽ ഹാക്കത്തോൺ – Hac’KP 2020 കോഡിങ് ഘട്ടം ആരംഭിച്ചു. എഡിജിപിയും , സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് ഓൺലൈനിലൂടെ കോഡിംഗ് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

രാജ്യത്തിനുള്ളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള 500 ൽ അധികം ഐടി വിദഗ്ധർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 110 ഓളം ടീമുകളായാണ് മത്സരം. ആദ്യ പത്ത് ദിവസം കോഡിങ് മത്സരമാണ് നടക്കുന്നത്. തുടർന്ന് മികച്ച ആശയം നൽകുന്നവരെ 15 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കും.
എഞ്ചിനീയറിംഗ്, ടെക്നോളജി രംഗത്ത് കഴിവുറ്റ ഡവലപ്പർമാരുടെ വൈവിധ്യമാർന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും, വികസിപ്പിക്കാനും പ്രോത്സാഹനം നൽകുകയാണ് ഈ സംരംഭത്തിന്റെ ലക്‌ഷ്യം. ഭാവിയിലെ സ്മാർട്ട് പൊലീസിംഗിന് പരിഹാരങ്ങൾ സൃഷ്ടിച്ച് പോലീസിനെ സജ്ജമാക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നതാണ് Hac’KP യുടെ തീം.

മികച്ച ആശയങ്ങൾക്ക് ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് 5 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് 2.5ലക്ഷം രൂപയും, മൂന്നാം സ്ഥാനത്ത് എത്തുന്നവർക്ക് 1 ലക്ഷം രൂപയുമാണ് സമ്മാനം. ഇതിനു പുറമെ പങ്കെടുക്കുന്നവർക്ക് മറ്റു പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾHackp website ൽ ലഭ്യമാണ് https://hackp.kerala.gov.in/