മനാമ: ഇന്ത്യ-ബഹ്‌റൈൻ ഇടക്കാല വിമാന സര്‍വ്വീസ് (ബൈലാട്രല്‍ എയര്‍ ബബ്ള്‍സ്) ഉടന്‍ നിലവില്‍ വരുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ ബഹ്‌റൈനിലെ മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ സോമന്‍ ബേബിയെ അറിയിച്ചു. ഇതോടെ ആളുകള്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ സാധാരണ നിലയില്‍ ടിക്കെറ്റെടുത്ത് യാത്ര ചെയ്യാന്‍ കഴിയുമെന്നും സോമന്‍ ബേബിയുമായുള്ള കൂടിക്കാഴ്ചയിൽ അംബാസിഡര്‍ അറിയിച്ചു.

അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഇനിയും പുനരാരംഭിക്കാത്ത സാഹചര്യത്തിലാണ് ഇടക്കാല വിമാന സര്‍വ്വീസ് ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. നേരത്തെ യു.എ.ഇയിലേക്കും യൂറോപ്യന്‍ നാടുകളിലേക്കും ഇതെ സര്‍വ്വീസ് നടത്തിയിരുന്നു. മറ്റു പല രാജ്യങ്ങളിലേക്കും സര്‍വ്വീസ് ഇപ്പോഴുണ്ട്.
ബഹ്‌റൈനിൽ നിന്ന് നാട്ടിലെത്താന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്കും നാട്ടില്‍ നിന്ന് ബഹ്റൈനിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തവര്‍ക്കും ഇടക്കാല സര്‍വ്വീസ് സഹായകരമാവുമെന്ന് സോമന്‍ ബേബി പറഞ്ഞു. എയര്‍ ഇന്ത്യയ്ക്ക് പുറമെ ഗള്‍ഫ് എയറും സര്‍വ്വീസ് നടത്തും. വന്ദേഭാരതിനൊപ്പം ബഹ്‌റൈനിൽ നിന്ന് നിരവധി ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയതിനാല്‍ നിരവധി ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാനായെന്ന് അംബാസഡര്‍ പറഞ്ഞതായും സോമന്‍ ബേബി പറഞ്ഞു. മുന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹ്‌മദ്‌ ആല്‍ ഖലീഫയുമായുള്ള കൂടിക്കാഴ്ച സന്തോഷത്തോടെ അംബാസഡര്‍ അനുസ്മരിച്ചു. രാജാവിന് നിയമന രേഖ സമർപ്പിച്ച ശേഷം വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അംബാസഡര്‍ അറിയിച്ചതായും സോമന്‍ ബേബി പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് സോമന്‍ബേബി എഴുതിയ ശുക്രന്‍ ബഹ്‌റൈൻ എന്ന പുസ്തകത്തിന്റെ കോപ്പി അംബാസഡര്‍ക്ക് സമ്മാനിച്ചു. പുസ്തകം മുഴുവന്‍ വായിക്കാമെന്ന് അംബസഡര്‍ അറിയിച്ചതായും സോമന്‍ബേബി പറഞ്ഞു.