മനാമ: ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഈ മഹാമാരിക്കാലത്തും, വെളിച്ചവും വിദ്യയും അറിവും പകരാനെത്തിയ നവരാത്രിക്കാലത്തെ സ്വീകരിച്ചുകൊണ്ട്, ബഹ്‌റൈൻ കേരളീയ സമാജം കലാവിഭാഗത്തിൻറെ കീഴിലുള്ള നാദബ്രഹ്മം അണിയിച്ചൊരുക്കുന്ന, ‘ഉപാസന’ നവരാത്രി സംഗീത-നൃത്ത മഹോത്സവം, 18/10/2020 മുതൽ ഒൻപതു ദിവസവും സമാജം ഫേസ്ബുക് പേജിൽ.

ബഹ്‌റൈനിലെ പ്രശസ്തരായ അദ്ധ്യാപകരുടെ കീഴിൽ അഭ്യസിച്ച്, നിരവധി പരിപാടികളിൽ സമ്മാനം നേടിയിട്ടുള്ള മിടുക്കരായ കലാകാരികളെയും കലാകാരന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട്, എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ സംഗീത നൃത്ത പരിപാടികൾ അവതരിപ്പിക്കുന്നതാണെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശാസ്ത്രീയ കലകൾക്കായുള്ള പ്രത്യേക പരിപാടികളായിരിക്കും ബി.കെ.എസ് നവരാത്രി ആഘോഷമായ ഉപാസനയിൽ അവതരിപ്പിക്കുന്നതെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.