മനാമ: അര നൂറ്റാണ്ട് കാലം ബഹ്‌റൈനെ പുരോഗതിയിലേക്ക് നയിച്ച ദീർഘദർശിയായ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വേർപാടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ‘വിദാഅൻ അമീറൽ ഖുലൂബ് ‘ എന്ന പ്രമേയത്തിൽ ഓൺലൈൻ അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസന നേട്ടങ്ങൾക്കും പുരോഗതിയിലേക്കും നയിച്ച നേതാവായിരിരുന്നു അദ്ദേഹമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ പാർലമെന്റ് അംഗം ഡോ. സൗസാൻ കമാൽ പറഞ്ഞു. ദീർഘ കാലമായുള്ള ഭരണ രംഗത്തെ അനുഭവജ്ഞാനം കൊണ്ട് ബഹ്‌റൈൻ എന്ന കൊച്ചു രാജ്യത്തെ ലോകരാജ്യങ്ങൾക്കിടയിൽ പ്രിയപ്പെട്ടതാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് അവർ കൂട്ടിച്ചേർത്തു. മുൻ പാർലമെന്റ് അംഗവും 20 വർഷത്തോളം പ്രധാനമന്ത്രിയുടെ റോയൽ കോർട്ടിൽ ഉദ്യോഗസ്ഥനുമായിരുന്ന ശൈഖ് മുഹമ്മദ് ഖാലിദ് അദ്ദേഹവുമായുള്ള അനുഭവങ്ങൾ പങ്കു വെച്ചു. കഴിഞ്ഞ 20 വർഷത്തോളം പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം അംഗമായ ഡോ. പി.വി ചെറിയാൻ അദ്ദേഹവുമൊത്തുള്ള അനുഭവങ്ങൾ അയവിറക്കി.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപമംഗലം, ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. ഷെമിലി പി.ജോൺ, കെ ടി സലിം, സോവിച്ചൻ ചേന്നാട്ടുശ്ശേരി, നിസാർ കൊല്ലം, അജി പി. ജോയ്, ഷിജു തിരുവനന്തപുരം, കമാൽ മുഹ്‌യിദ്ധീൻ, ജെ പി ആസാദ്, മൊയ്‌തീൻ കുട്ടി പുളിക്കൽ, ജവാദ് വക്കം, വി.കെ അനീസ് എന്നിവർ അദ്ദേഹത്തെ അനുസ്‌മരിച്ചു. പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജന. സെക്രട്ടറി എം. എം സുബൈർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി പരിപാടി നിയന്ത്രിച്ചു.