മനാമ: കേരളത്തിലെ ത്രിതല പഞ്ചായത്തിലേക്കും നഗരസഭ കോർപ്പറേഷനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി നേടിയ ഐതിഹാസികമായ വിജയം ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മ ആയ “ഒന്നാണ് കേരളം ഒന്നാമതാണ് കേരളത്തിന്റെ “നേതൃത്വത്തിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ചു.

കോവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് പ്രതിഭ ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയുടെ ഉത്ഘാടനം പ്രതിഭ മുഖ്യ രക്ഷാധികാരി ശ്രീജിത് .പി. നിർവഹിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അദ്ധ്യക്ഷനായി. നവകേരളയുടെ വക്താവ് ഷാജി മൂതല, ഐ.എൻ.എൽ പ്രതിനിധി മൊയ്തീൻ കുട്ടി പുളിക്കൽ, എൻ. സി.പി. പ്രതിനിധി ഫൈസൽ എഫ്. എം, കോർ കമ്മിറ്റി അംഗങ്ങളായ കെ.ടി. സലീം, റഫീഖ് അബ്ദുള്ള എന്നിവർ സംസാരിച്ചു. ഈ വിജയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കേണ്ടതുണ്ട് എന്ന് യോഗം ചുണ്ടികാട്ടി.

സുസ്ഥിര വികസനവും മതമൈത്രിയും കാത്ത് സൂക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ വിശ്വാസമർപ്പിച്ചത് ഇടത് മുന്നണിയെ ആണെന്നതാണ് ഈ തെരഞ്ഞെടുപ്പ് എതിർ നിരക്ക് കാണിച്ച് കൊടുക്കുന്നത്. ജാതി മത വർഗീയ കൂട്ടുകെട്ടിനെയും അവർക്ക് വേണ്ടി കുഴലൂത്ത് നടത്തിയ ചില മാധ്യമങ്ങളുടെയും മുഖത്തിന് നേർക്കുള്ള കേരളത്തിലെ മതേതര ജനതയുടെ ശക്തമായ അടിയാണ് ഈ വിജയം എന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ പ്രതിഭ സെക്രട്ടറി ലിവിൻ കുമാർ സ്വാഗതവും പ്രസിഡണ്ട് കെ.എം സതീഷ് നന്ദിയും രേഖപെടുത്തി.