ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി മാലദ്വീപില്‍ നിന്ന് 202 ഇന്ത്യക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് മഗര്‍ കൊച്ചിയിലേക്ക് തിരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യാത്രക്കാരുടെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി കപ്പല്‍ കൊച്ചി ലക്ഷ്യമാക്കി തിരിച്ചത്. കഴിഞ്ഞ ദിവസം മാലദ്വീപില്‍ നിന്നുള്ള 698 യാത്രക്കാരുമായി മറ്റൊരു യുദ്ധക്കപ്പലായ ഐ.എന്‍.എസ് ജലാശ്വ കൊച്ചിയിലെത്തിയിരുന്നു. ദൗത്യത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നേവിക്കും സഹായം ചെയ്ത മാലദ്വീപ് അധികൃതര്‍ക്കും മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നന്ദി പറഞ്ഞു.