മനാമ: കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മൃതദേഹ സംസ്‌കരണത്തിൽ നിലവിലുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പി.പി.ഇ കിറ്റടക്കമുള്ള നിബന്ധനകൾ പാലിച്ച് മൃതദേഹം കാണാമെന്നും, ശരീരത്തില്‍ ജലസ്പര്‍ശനം അസാധ്യമാക്കുന്ന കയ്യുറ പോലുള്ള വസ്തുക്കള്‍ ധരിച്ചു കുളിപ്പിക്കാമെന്നും സംസ്കരിക്കാമെന്നും ലോകാരോഗ്യ സംഘടന മാര്‍ച്ചിൽ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, നിലവിൽ ഇന്ത്യയിൽ സ്വീകരിച്ചിരിക്കുന്ന പ്രോട്ടോകോളിൽ മൃതശരീരം കുളിപ്പിക്കാനോ, മതാചാര പ്രകാരം വസ്ത്രം ചെയ്യിക്കാനോ അനുവദിക്കുന്നില്ല. ഈ നിർദേശങ്ങളിൽ മാറ്റം വരുത്തണമെന്നാണ് സംഘടനാ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആരോഗ്യവാന്മാരായ ആളുകള്‍ക്ക് മുൻകരുതലുകൾ സ്വീകരിച്ചു മൃതദേഹങ്ങളില്‍ മതാചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ രാജ്യത്തെ കോവിഡ് പ്രോട്ടോകോളില്‍ ഭേദഗതി വരുത്തുന്നതിനു ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും സംഘടന കത്ത് അയച്ചിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.