മനാമ: കോവിഡ് പ്രതിസന്ധി മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ പോയ അർഹരായ പ്രവാസികൾക്ക് കേരള സർക്കാർ നോർക്ക മുഖേനെ നൽകുന്ന ധന സഹായവുമായി ബന്ധപ്പെട്ട് ചില സംഘടനകൾ രാഷ്ട്രീയ ലക്ഷ്യം വച്ച് നടത്തുന്ന കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ബഹ്‌റൈൻ പ്രതിഭ ആവശ്യപ്പെട്ടു.

ഒരു ലക്ഷം പ്രവാസികളാണ് ഇതിനകം ഈ പദ്ധതിയുടെ ഗുണഭോക്താക്കളായത്. 50 കോടി രൂപയാണ് സർക്കാർ ഇതേവരെ ഈ ആവശ്യത്തിനായി വിതരണം ചെയ്തത്.

ആവശ്യമായ രേഖകൾ ഇല്ലാതെ നൽകിയ അപേക്ഷകൾ സ്വാഭാവികമായും പരിഗണിക്കില്ല. അത്തരക്കാർക്ക് ശരിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാൻ നവംബർ 7 വരെ സമയം നീട്ടി കൊടുത്തിട്ടുമുണ്ട്.

വസ്തുത ഇതായിരിക്കെ അതെല്ലാം മറച്ചു വെച്ച് രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമാക്കി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനത്തെ താറടിച്ചു കാണിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. അതോടൊപ്പം അനർഹരായ ആളുകളെ കൊണ്ട് വ്യാപകമായി അപേക്ഷകൾ നൽകി ഈ ജനക്ഷേമ പ്രവർത്തനത്തെ അട്ടിമറിക്കാനും ഇക്കൂട്ടർ ശ്രമിച്ചതായി ആരോപണമുണ്ട്.

നിരവധിയായ ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ സർക്കാരിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തി വരും കാല തെരഞ്ഞെടുപ്പുകളിൽ വോട്ട് തട്ടിക്കുട്ടാനുള്ള ഇത്തരം ശ്രമങ്ങളെ പ്രവാസി സമൂഹവും കേരള ജനതയും തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും, സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും പ്രതിഭ ഭാരവാഹികൾ പറഞ്ഞു.